വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും……

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണിത്. അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

 

അതിനിടെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലും വിജയ് ബാബു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഇതും വെള്ളിയാഴ്ച പരിഗണിക്കും.

ഇര തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. തന്റെ പേരില്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.