സ്വര്‍ണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുരേഷ് ഗോപിയെന്ന് മോഹൻലാൽ; ശബരിമല കൊടിമരക്കൊള്ളയിൽ മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴിയെടുത്ത് വിജിലൻസ്

','

' ); } ?>

ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതായി ഇരുവരും മൊഴി നല്‍കി. തിരുവനന്തപുരത്ത് വച്ചായിരുന്നു മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ നിന്നും രേഖപ്പെടുത്തി. ശബരിമലയിലേക്ക് സ്വര്‍ണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹന്‍ലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷാജി കൈലാസ്, രണ്‍ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

നാണയങ്ങളായി സ്വർണം നൽകിയെന്നായിരുന്നു ഇവർ നൽകിയ മൊഴി. സ്വർണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നൽകാൻ തയ്യാറെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും അന്ന് വിജിലൻസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിന്‍റെയും മോഹൻലാലിന്‍റെയും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.