തന്റെ സാഹസികതയാര്‍ന്ന അഭിനയത്തിലൂടെ ബോളിവുഡ് നടനും മോഡലുമായ വിദ്യുത് ജാംവാലിന് പ്രേക്ഷകരുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്ത ‘കമാന്‍ഡോ’ സീരീസിലെ മൂന്നാം ചിത്രം ഒരുങ്ങുന്നു. ചിത്രത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിദ്യുത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ചിത്രത്തിന്റെ റിലീസ് ഡെയ്റ്റും ഒപ്പം വിദ്യുത് പുറത്ത് വിട്ടു. സെപ്തംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആദ്യ ചിത്രങ്ങളെക്കാള്‍ മൂന്നിരട്ടി ആക്ഷനും, ത്രില്ലും പുതിയ ചിത്രത്തിനുണ്ടാവുമെന്ന് വിദ്യുത് തന്റെ പോസ്റ്റിലൂടെ പറഞ്ഞു. ഇത് കൂടി കേട്ടതോടെ ആരാധകര്‍ ഇപ്പോള്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്.
2011 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ആദാ ശര്‍മ്മ, അങ്കീര ധാര്‍, ഗുല്‍ഷന്‍ ദേവിയാത് എന്നിവരാണ് വിദ്യുതിനൊപ്പം പുതിയ ചിത്രത്തിലെത്തുന്നത്. ആദിത്യ ദാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപുല്‍ അമൃതലാല്‍ നിര്‍മ്മിക്കുന്ന ചിത്രം റിലയന്‍സ് എന്റര്‍റ്റെയ്ന്‍മെന്റിന്റെ അവതരിപ്പിക്കുന്നത്.