വിദ്യാബാലൻ ചിത്രം ഷേര്‍ണ്ണിയുടെ ടീസർ; സിനിമ ആമസോണിൽ റിലീസ്

ബോളിവുഡ് താരം വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്റെ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യുന്നത്. ജൂണിലായിരിക്കും റിലീസ്. സിനിമയുടെ ട്രെയിലര്‍ ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും.

ന്യൂട്ടന് ശേഷം അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെര്‍ണി. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് സിനിമയില്‍ വിദ്യ ബാലന്‍ അവതരിപ്പിക്കുന്നത്. മൃഗസംരക്ഷണവും മനുഷ്യന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ടി സീരീസും അബാന്‍ഡാന്റിയ എന്റര്‍ടൈന്റ്മെന്റും സംയുക്തമായാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ശരദ് സക്സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുണ്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു. ഏറ്റവും സവിശേഷമായ കഥയാണ് ഷെര്‍ണിയില്‍ അവതരിപ്പിക്കുന്നത്, അമിത്തിന്റെ ട്രേഡ്മാര്‍ക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാന്റിയ എന്റര്‍ടൈന്‍മെന്റ് സ്ഥാപകന്‍ വിക്രം മല്‍ഹോത്ര പത്രക്കുറിപ്പില്‍ പറഞ്ഞു.

2020ലെ വിദ്യാ ബാലന്‍ ചിത്രമായ ശകുന്തള ദേവിയുടെ വിജയത്തിന് ശേഷം ഒരിക്കല്‍ കൂടി ആമസോണുമായി സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

സുലൈമാനി ഖീദാ, ന്യൂട്ടണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഷെര്‍ണി. ശകുന്തള ദേവിയുടെ ബയോപിക് ആയിരുന്നു വിദ്യ ബാലന്റേതായി റിലീസ് ചെയ്ത അവസാനത്തെ ചിത്രം. ആമസോണ്‍ പ്രൈമിലായിരുന്നു ശകുന്തള ദേവി റിലീസ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷേര്‍ണ്ണിയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് വീണ്ടും ഷൂട്ടിങ്ങ് ആരംഭിച്ചത്. മധ്യപ്രദേശിലെ കാടുകളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.