ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളായ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയാവാന്‍ ഒരുങ്ങി ബോളിവുഡ് താരം വിദ്യാ ബാലന്‍. വെബ് സീരിസിലാണ് വിദ്യാ ബാലന്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്. സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
വിദ്യ ബാലന്റെ വെബ് സിരീസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇതോടെ അരങ്ങേറുന്നത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു. വെബ് സീരിസ് ആയതിനാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. അതിനാല്‍ ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കില്ല. ചിലപ്പോള്‍ ഷൂട്ടിംഗ് ആരംഭിക്കാനും ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും വിദ്യ ബാലന്‍ പറയുന്നു. ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റിതേഷ് ബത്രയാണ് വെബ് സിരീസിന്റെ സംവിധായകന്‍.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷന്‍ മംഗളാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലന്‍ അഭിനയിച്ചത്.