
വോട്ടർ പട്ടികയിൽ പേരുവിവരങ്ങൾ ഉൾപ്പെടാത്തതിനെ തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി നടി വീണ നായർ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ അപേക്ഷ കൃത്യസമയത്ത് അംഗീകരിക്കപ്പെടാത്തതാണ് സ്ഥാനാർത്ഥിത്വത്തിന് തടസ്സമായതെന്ന് താരം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ട്വൻ്റി 20, എൻ.ഡി.എ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് വീണ മത്സരിക്കാനിരുന്നത്. നേരത്തെ ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടായിരുന്ന വീണ, താമസസ്ഥലം മാറിയതിനെ തുടർന്ന് അഡ്രസ്സ് മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കി പേര് വോട്ടർ പട്ടികയിൽ വരാൻ എടുക്കുന്ന സമയം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്കും അപ്പുറത്തേക്ക് നീളുന്നതാണ് തിരിച്ചടിയായത്. പത്രിക നൽകിയാലും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അത് തള്ളിപ്പോകാൻ സാധ്യതയുള്ളതിനാലാണ് പിന്മാറ്റമെന്നും താരം വിശദീകരിച്ചു.
കഴിയുന്നത്ര ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതികമായ തടസ്സങ്ങൾ നേരിട്ടതായി വീണ പറഞ്ഞു. ജില്ലാ കളക്ടറെ നേരിൽ കണ്ട് സാധ്യതകൾ ചോദിക്കുകയും ബി.എൽ.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തെങ്കിലും നിയമപരമായ പരിമിതികൾ മൂലം മാറ്റങ്ങൾ വരുത്താനായില്ല. താൻ ഏറെ ആഗ്രഹിച്ചും പ്രതീക്ഷയോടെയുമാണ് മത്സരരംഗത്തേക്ക് ഇറങ്ങിയതെന്നും ഈ വാർത്ത വലിയ സങ്കടമുണ്ടാക്കുന്നതാണെന്നും വീണ സന്ദേശത്തിൽ പങ്കുവെച്ചു.
മത്സരരംഗത്തില്ലെങ്കിലും ഏറ്റുമാനൂരിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്നും ട്വൻ്റി 20 പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി സഹകരിക്കുമെന്നും വീണ നായർ അറിയിച്ചു.
നേരത്തെ നടി ലക്ഷ്മിപ്രിയയും സമാനമായ കാരണത്താൽ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു.