‘വോയിസ് ഓഫ് വോയിസ്‌ലസ്’ എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി), എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ച് ഒരു സ്റ്റേജ് പരിപാടിയിൽ നടത്തിയ അഭിപ്രായ പ്രകടനം വൈറലാകുകയാണ്. ജാതിവിവേചനവും അടിച്ചമര്‍ത്തലും തന്റെ വരികളിലും പ്രസംഗങ്ങളിലും തുടർച്ചയായി ഉയര്‍ത്തുന്ന വേടൻ, ഇപ്പോൾ എഴുന്നേറ്റിരിക്കുന്നത് സിനിമാസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളിലൂടെയാണ്.
“സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. എന്തെല്ലാം നടക്കുന്നു എന്ന് പുതിയ തലമുറ മനസ്സിലാക്കുന്നു. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയെക്കുറിച്ച് ബോധമുള്ളവരായി ഇരുന്നോളൂ. പൊളിറ്റിക്കലി അറിവുള്ളവരായി വളരൂ, കാരണം നിങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ,” എന്നും വേടൻ അഭിപ്രായപ്പെട്ടു.
എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപം സംബന്ധിച്ച ചില പരാമർശങ്ങൾ അടങ്ങിയ ഭാഗങ്ങൾ സംഘപരിവാറിന്റെ ബഹിഷ്‌കരണ ആഹ്വാനത്തെത്തുടർന്ന് ഒഴിവാക്കിയിരുന്നു. വിവാദം നിലനില്ക്കുമ്പോൾ, ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും നിർമ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലും വീടുകളിലുമാണ് ഇഡി റെയ്ഡുകൾ നടന്നത്.
വിവിധ അന്വേഷണ ഏജൻസികൾക്കെതിരെ വിമർശനം ഉയര്‍ന്നിട്ടും, ഇത് സ്വാഭാവിക നടപടികളാണ് എന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. വിവാദം ശക്തമാകുമ്പോൾ, സിനിമാ സ്വാതന്ത്ര്യവും രാഷ്ട്രീയ ബോധവുമെല്ലാം പൊതുവേദികളിലേക്കു വലിച്ചിഴക്കപ്പെടുകയാണ്.