
കേരളം സ്റ്റോറി 2ആം ഭാഗത്തിനെതിരെ തുറന്നടിച്ച് റാപ്പർ വേടൻ. ‘നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ’ എന്നാണ് വേടൻ ചോദിക്കുന്നത്. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും, മിണ്ടാതിരുന്നാൽ കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപെടാം എന്ന ബോധ്യമുണ്ടായിട്ടും താനിത് പറയുന്നത് എല്ലാവരെയും സഹ മനുഷ്യരായി കാണാൻ പറ്റുന്നത് കൊണ്ടാണെന്നും വേടൻ പറഞ്ഞു.
‘ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. എന്നെകൊണ്ട് അത് ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എൻ്റെ സഹമനുഷ്യരാണെന്ന് കാണാൻ പറ്റുന്നകൊണ്ടും നിങ്ങൾക്കത് കാണാൻ പറ്റുന്നകൊണ്ടുമാണ്.’ വേടൻ പറഞ്ഞു.
‘അത് കൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ.’ വേടൻ കൂട്ടിച്ചേർത്തു.
അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെ ടീസറിലുണ്ടായിരുന്നു. പ്രതിഷേധത്തിന് പുറമെ പരിഹാസവും ചിത്രവും നേരിട്ടു. കൂടാതെ സിനിമയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മതസൗഹാർദ്ദത്തിൻ്റെ നാടായ കേരളത്തെ ഭീകരവാദത്തിൻ്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആഷിൻ എ ഷാ സഹനിർമ്മാതാവാണ്. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.