ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു.
തനിക്കെതിരെ നാളുകളായി വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും അറിയാം. തന്റെ സത്യസന്ധത എവിടെയും ഉരച്ചുനോക്കി തെളിയിക്കേണ്ടതല്ലലോ. ഈ സാഹചര്യത്തില്‍ ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കുന്നില്ല. സമ്മാനതുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വൈരമുത്തു പറഞ്ഞു.
വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തുവിന്റെ പ്രതികരണം.
സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളില്‍ കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സര്‍ഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍. ശ്രീ ഒ.എന്‍.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എന്‍.വി ലിറ്റററി അവാര്‍ഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ എന്നും ,കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള ഒരു മറയാവരുതെന്നും ഡബ്ല്യൂസിസി ഫേസ് ബുക്കിലൂടെ പറഞ്ഞു.
നടി പാര്‍വ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആര്‍ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്നായിരുന്നു അടൂരിന്റെ പ്രതികരണം. ഇതിന് മറുപടിയായി ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.
17 സ്ത്രീകളാണ് വൈരമുത്തിവിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരിക്കുന്നത്. കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കവയത്രി മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.