പെണ്‍ ‘വാങ്ക്’ ഉയരുമ്പോള്‍

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ക് തിയേറ്ററുകളിലെത്തിയിരിക്കുന്നു. ഉണ്ണി ആറിന്റെ തന്നെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി ഷബ്‌ന മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കൗമാരപ്രായക്കാരായ പെണ്‍ക്കുട്ടികളുടെ സ്വപ്‌നങ്ങളുടെ മനോഹാരിതയും എഴുത്തിന്റെ ഭംഗിയുമായിരുന്നു വാങ്ക് എന്ന കഥയുടെ ആകെതുക. എന്നാല്‍ കഥ ചലച്ചിത്രമാകുമ്പോള്‍ നാടകീയത, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുഹൂര്‍ത്തങ്ങള്‍ എന്നിവയൊന്നുമില്ലാതെ പോയ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ന്യൂനതയായ് അനുഭവപ്പെട്ടത്. ഇതേ കഥ സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകമായെത്തിയപ്പോള്‍ വേദിയില്‍ നിന്ന് പെണ്‍കുട്ടികള്‍ വാങ്ക് വിളിച്ചതിന്റെ പേരിലുണ്ടായ കോലാഹലം നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ കഥാംശം ഈ കാലത്തും പ്രസക്തമാണെന്നതില്‍ സംശയമില്ല. ഒരു കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ ആ കഥയ്ക്ക് മുകളില്‍ എന്തെങ്കിലും പറഞ്ഞുവെയ്ക്കാനാകുമ്പോഴാണ് അതൊരു മികച്ച ചലച്ചിത്രാനുഭവമാകുന്നത്. അങ്ങനെ നോക്കിയാല്‍ കഥയ്ക്കുമപ്പുറം പറയുന്നതിനേക്കാള്‍ കഥയ്‌ക്കൊപ്പം പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയുള്ള കാഴ്ച്ചകളോ നിമിഷങ്ങളോ ചിത്രത്തിലുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികത്വം, അല്ലെങ്കില്‍ മതത്തിനകത്തെ ജനാധിപത്യം, സ്വാതന്ത്ര്യം, പുരോഗമനം എന്നിവയെല്ലാം മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. പാഠം ഒന്ന് വിലാപം പോലുള്ള മനോഹര ചിത്രങ്ങളുണ്ടായ സാഹചര്യത്തില്‍ പുതിയ കാലത്തോട് ചേര്‍ത്തു വെച്ച് എന്ത് പറയാന്‍ വാങ്കിനുണ്ടെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. മത മൗലികവാദം, സോഷ്യല്‍മീഡിയ ഇടപെടല്‍, സദാചാര പോലീസിംഗ് എന്നീ വിഷയങ്ങളെല്ലാം സ്പര്‍ശിച്ചെങ്കിലും തിയേറ്ററില്‍ അതത്രമാത്രം പ്രേക്ഷകന് അനുഭവവേദ്യമായ ഒന്നായി മാറ്റാന്‍ തിരക്കഥാകൃത്തിനോ സംവിധായികയ്‌ക്കോ കഴിഞ്ഞില്ല. പെണ്‍വാങ്ക് ഉയര്‍ത്തി ചിത്രം അവസാനിപ്പിക്കാന്‍ ധൈര്യം കാണിച്ചതിനും വര്‍ത്തമാനകാലത്തിന്റെ ഒരു വിഷയം ഏറ്റെടുത്തുവെന്ന രീതിയിലും തീര്‍ച്ചയായും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കയ്യടി അര്‍ഹിക്കുന്നു.

കഥയുടെ കെട്ടുപൊട്ടിച്ച് വെള്ളിത്തിരയുടെ അനുഭവമാണ് സിനിമയെന്നിരിക്കെ ഛായാഗ്രഹണം പലപ്പോഴും പക്വമായി അനുഭവപ്പെട്ടില്ല. ചിത്ര സംയോജനമാണ് പലപ്പോഴും ചിത്രത്തിന്റെ ഒഴുക്കിനെ തുണച്ചത്. ഔസേപ്പച്ചന്റെ സംഗീതവും പി.എസ് റഫീഖിന്റെ വരികളും നന്നായിരുന്നു. വിനീതിന്റെ അഭിനയം പലപ്പോഴും അമിതവും അരോജകവുമായി അനുഭവപ്പെട്ടപ്പോള്‍ അനശ്വര രാജന്‍, നന്ദന വര്‍മ്മ, തെസ്‌നിഖാന്‍, ജോയ്മാത്യു എന്നിവരുടെയെല്ലാം പ്രകടനം നന്നായിരുന്നു. ആചാര സംരക്ഷണറാലികളിറങ്ങുന്നതിനെ വിമര്‍ശനവിധേയമാക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലുള്ള സിനിമകളിറങ്ങുന്ന കാലത്തുതന്നെ പെണ്‍വാങ്ക് ഉയരുന്നുവെന്നത് തീര്‍ച്ചയായും ആശാവഹമാണ്. മലയാളത്തിന് ഒരു പുതിയ പെണ്‍തിരക്കഥാകൃത്തും സംവിധായികയും ഉണ്ടാകുന്നുവെന്നതും വാങ്കിന്റെ സന്തോഷമായി അവശേഷിക്കുന്നു.