
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോ പിക്കിൽ നായകനാകാനൊരുങ്ങുന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ‘അഹമ്മദബാദിൽ ജനിച്ചു വളർന്ന താൻ ഗുജറാത്ത് മുഖ്യമന്ത്രിയായാണ് നരേന്ദ്ര മോദിയെ ആദ്യം അറിയുന്നതെന്നും പിന്നീട് 2023ൽ അദ്ദേഹത്തെ നേരിട്ട് കാണാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറകക്കാനാകാത്ത അനുഭവമാണെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
‘അന്നത്തെ കൂടിക്കാഴ്ചയിൽ അദ്ദേഹം ഗുജറാത്തിയിൽ രണ്ട് വാക്കുകൾ എന്നോട് പറഞ്ഞു. ‘ജൂക്വാനു നഹി’ അഥവാ ഒരിക്കലും തല കുനിക്കരുത് എന്നായിരുന്നു അത്. ആ വാക്കുകൾ എനിക്ക് നൽകിയ കരുത്തും ധൈര്യവും ഏറെയാണ്”.ഉണ്ണി മുകുന്ദൻ കുറിച്ചു.
ക്രാന്തി കുമാർ സി എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘മാ വന്ദേ’ എന്നാണ്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അമ്മയുമായുള്ള ബന്ധവുമാണ് ഈ ചിത്രത്തിൽ കൂടുതലായി അവതരിപ്പിക്കുക. കുട്ടിക്കാലം മുതൽ രാഷ്ട്രീയനേതാവാകുന്നതുവരെയുള്ള മോദിയുടെ യാത്രയും ചിത്രത്തിന്റെ പ്രമേയമാണ്.
നേരത്തെ വിവേക് ഒബ്റോയിയെ നായകനാക്കി നരേന്ദ്ര മോദി ബിയോപിക് ഒരുങ്ങിയിരുന്നു. പി എം നരേന്ദ്ര മോദി എന്ന സിനിമ ഒരുക്കിയത് ഒമങ്ക് കുമാർ ആയിരുന്നു. ലെജൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചത്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും കനത്ത പരാജയമായിരുന്നു കാഴ്ചവെച്ചത്.