ഒരു ഉള്‍ട്ടാ ലോകം..!

മേഘ സന്ദേശം, കോളേജ് കുമാരന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍, തന്റെ വ്യത്യസ്ഥമായ ഒരു കഥയുമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പേരുപോലെ തന്നെ ഒരു വ്യത്യസ്ഥ കഥയുമായിയെത്തിയ ചിത്രം എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് സഞ്ചരിച്ചില്ല. ഇളയരാജ എന്ന ചിത്രത്തിന് ശേഷം ഗോകുല്‍ സുരേഷ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തില്‍ അനുശ്രീയും പ്രയാഗ മാര്‍ട്ടിനും മറ്റു പ്രധാന താരങ്ങള്‍.

പ്രകൃതി രമണീയമായ പൊന്നാപുരം എന്ന ഗ്രാമം. അവിടെ എല്ലാം തലതിരിഞ്ഞാണ്. തെങ്ങുകയറുന്നതും, പത്രമിടുന്നതും, ചായയടിക്കുന്നതുമെല്ലാം സ്ത്രീകളാണ്. പ്രസിഡന്റ് പൗര്‍ണമിയാണ് ഗ്രാമത്തിന്റെ എല്ലാം. ലോകത്തെവിടെയുമില്ലാത്ത സ്വാതന്ത്ര്യത്തോടെ പെണ്ണുങ്ങള്‍ ജീവിക്കുന്ന പൊന്നാപുരത്ത് പിഷാരടിയും കൂട്ടരും അടക്കിഭരിക്കപ്പെടുന്ന നാട്ടിലെ ആണ്‍ സമൂഹമാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മറ്റെല്ലാ കാര്യത്തിലും ആണുങ്ങളേക്കാള്‍ മുന്നേറ്റം കൈവരിക്കുന്ന പൊന്നാപുരത്തെ പെണ്ണുങ്ങള്‍ ശരീരാഭ്യാസത്തിലൂടെയും അവരേക്കാള്‍ മുന്നിലെത്താന്‍ തീരുമാനിക്കുകയാണ്. അവരെ പഠിപ്പിക്കാന്‍ ഒരു ആണായ മാസ്റ്റര്‍ തന്നെയെത്തുന്നതോടെ പൊന്നാപുരത്തെ കഥയാരംഭിക്കുകയാണ്.

ഗോപീ സുന്ദര്‍ ആലപിച്ച് വൈക്കം വിജയലക്ഷ്മി ആലപിച്ച കേരളമാണെന്റെ നാട് എന്ന മനോഹരമായ ഒരു ഗാനത്തിലൂടെയാണ് ഉള്‍ട്ട ആരംഭിക്കുന്നത്. അല്‍പം ലാഗിങ്ങായ ഒരു ആദ്യ പകുതിയും മോശമില്ലാത്ത ഒരു രണ്ടാം പകുതിയുമാണ് ഉള്‍ട്ടയെന്ന ചിത്രത്തിലുള്ളത്. ആദ്യ രംഗത്ത് സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ശാന്തി കൃഷ്ണ, അതുപോലെ മറ്റു സീനിയര്‍ താരങ്ങളായ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. എന്നാല്‍ നല്ല ഒരു സബ്ജക്ടായിട്ടുകൂടി തിരക്കഥയിലും സംവിധാനത്തിലും അത് പൂര്‍ണമായി ഫലിപ്പിക്കാന്‍ കഴിയാതെ പോയത് ഉള്‍ട്ടയുടെ ഒരു അപാകതയായി തോന്നി. ഗ്രാമീണ ഭംഗിയെ എടുത്ത് കാട്ടിയ വിഷ്വല്‍സ് കഥയിലേക്കി ലയിപ്പിച്ചു.

ടെക്‌നിക്കലി ഛായാഗ്രഹണം പ്രകാശ് വേലായുധന്‍, ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം എന്നിവയെല്ലാം ചിത്രത്തിന്റെ അതേ ലെവലില്‍ തന്നെയാണ് കൊണ്ടുപോയിട്ടുള്ളത്.

ഒരര്‍ത്ഥത്തില്‍ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും തുല്യരാണ്. രണ്ടാള്‍ക്കും രണ്ടുപേരുടെയും പോരായ്മകളും കഴിവുകളും ഉണ്ട്. പക്ഷെ ഒരുമിച്ച് നിന്നാല്‍ അവര്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിക്കും. അതാണ് ഉള്‍ട്ടയെന്ന ചിത്രത്തിന്റെ കാമ്പ്.

ഒറ്റ തവണ കണ്ടിരിക്കാനാവുന്ന ഒരു വെറൈറ്റി ചിത്രം എന്ന് ഉള്‍ട്ടയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.