
തന്റെ അസുഖ വിവരങ്ങൾ വിശദമാക്കി നടനും മിമിക്രികാലാകാരനുമായ ഉല്ലാസ് പന്തളം. “അസുഖ വിവരം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരുമെന്ന് കരുതിയാണ്” ആരെയും ഒന്നും അറിയിക്കാതെയിരുന്നെന്ന് ഉല്ലാസ് പറഞ്ഞു. കൂടാതെ വീണ്ടും കലാരംഗത്ത് സജീവമാകണണമെന്ന ആഗ്രഹം ഉണ്ടെന്നും അതിനായി ആരോഗ്യം വീണ്ടെടുക്കാൻ പരിശ്രമിക്കുകയാണെന്നും ഉല്ലാസ് പന്തളം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് ഒരു സ്ട്രോക്കുണ്ടായി. ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ് വന്ന് ഇരിക്കുകയാണ്. അത് കൊണ്ടാണ് ഇപ്പോൾ ചാനൽ പരിപാടികളിൽ എന്നെ കാണാത്തതും പ്രോഗ്രാമുകളിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്തതും. സോഷ്യൽ മീഡിയ വഴിയാണ് ആളുകൾ എന്റെ അസുഖ വിവരം അറിഞ്ഞത്. ഇക്കാര്യം ഞാൻ രഹസ്യമാക്കി വെച്ചിരുന്നതിന്റെ കാരണം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതുകൊണ്ടാണ്’. ഉല്ലാസ് പന്തളം പറഞ്ഞു.
‘എന്റെ അവസ്ഥയെക്കുറിച്ചുള്ള വീഡിയോ വൈറലായശേഷം സ്നേഹമുള്ളവരെല്ലാം എന്നെ അന്ന് മുതൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ട്. എന്നിരുന്നാലും ചില നെഗറ്റീവ് കമന്റ്സുകളും വരുന്നുണ്ട്. പക്ഷെ അതൊന്നും നമ്മൾ നോക്കുന്നില്ല. ഞാൻ കലാരംഗത്ത് ഉണ്ടായിരുന്നപ്പോൾ എനിക്ക് തന്ന സപ്പോർട്ടിന് നന്ദി പറയുന്നു. എന്റെ രോഗാവസ്ഥയിൽ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. കൂടുതൽ ശക്തിയോടെ ഞാൻ തിരിച്ച് വരും. അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതൽ ആരോഗ്യത്തോടെ തിരിച്ച് വരാൻ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം’, ഉല്ലാസ് പന്തളം കൂട്ടിച്ചേർത്തു.
വൈറ്റ് ഗോൾഡിന്റെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഉല്ലാസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലോകം അറിയുന്നത്. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെപോലും നടക്കാൻ ബുദ്ധിമുട്ടുന്ന ഉല്ലാസിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരുന്നത്. സ്‌റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്രയാണ് ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചത്. രു മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് ഉല്ലാസ് പന്തളം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയത്. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മിനിസ്ക്രീനിൽ സജീവമായശേഷം സിനിമകളിലേക്കും അവസരം ലഭിച്ചു. സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചശേഷം വളരെ വിരളമായി മാത്രമെ നടൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം അഭിഭാഷകയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ലളിതമായ ചടങ്ങിൽ ഉല്ലാസ് വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ വാർത്ത ആരാധകർ അറിയുന്നത്. എന്നാൽ, ആദ്യഭാര്യയുടെ മരണത്തിന് തൊട്ടുപിന്നാലെ വിവാഹിതനായതിന്റെ പേരിൽ ഉല്ലാസിന് ഒട്ടനവധി ആരോപണങ്ങളും പഴികളും കേൾക്കേണ്ടി വന്നിരുന്നു.