
യുവ സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മലയാളി യുവാവ്. പാർട്ട് ടൈം ആയി ഊബർ ഓടിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ പ്രദീപ് കാറിൽ കയറിയിരുന്നെന്നും, ആൻ സിനിമയെടുക്കാൻ കഥയുമായി ബുദ്ധിമുട്ടി നടന്ന ചെറുപ്പക്കാരന്റെ വളർച്ച കണ്ട് താൻ ഞെട്ടിയിരിക്കുകയാണെന്നുമാണ് ഫാസിൽ മുസ്‌തഫ എന്ന യുവാവ് പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
“2018ൽ പാർട്ട് ടൈം ഊബർ ഓടിച്ചു കൊണ്ടിരുന്ന കാലം. ഒരു ദിവസം രാത്രി 8 മണിക്ക് 27 വയസുള്ള ചെറുപ്പക്കാരൻ കാറിൽ കയറി. ഞങ്ങൾ പരിചയപ്പെട്ടപ്പോൾ അയാൾ സിനിമ എടുക്കാൻ പോവുകയാണെന്നും, ഏകദേശം ഒകെ ആയിട്ടുണ്ടെന്നും പറഞ്ഞു. ഞങ്ങളൊരുപാട് നേരം സംസാരിക്കുകയും നമ്പർ ഒക്കെ വാങ്ങി പിരിയുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് തമിഴിൽ ‘കോമാളി’ എന്നൊരു സിനിമ റിലീസ് ചെയ്തു. തമിഴിലെ തന്നെ ബെസ്റ്റ് ആക്ടർ ആയ ജയം രവിയെ വച്ചിട്ട് ആണ് ചെയ്തത്. അന്ന് എന്റെ ഒപ്പം കാറിൽ യാത്ര ചെയ്ത ആളാണ് അതിന്റെ സംവിധായകൻ എന്നറിഞ്ഞപ്പോൾ, അദ്ദേഹം കഷ്ടപ്പാടുകൾ പറഞ്ഞത് എനിക്ക് ഓർമ വന്നു. എനിക്ക് ഒരുപാട് അഭിമാനം തോന്നി. പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ല”. ഫാസിൽ മുസ്തഫ കുറിച്ചു.
“പിന്നെ വന്നത് പാൻ ഇന്ത്യൻ ഹിറ്റായ ‘ലവ് ടുഡേ’. നായകനും സംവിധായകനും പ്രദീപ് രംഗനാഥൻ. സത്യം പറഞ്ഞാൽ എന്റെ കിളി പോയി. ഇയാളെ കാണുമ്പോൾ ഇത്രയും അടിപൊളി പെർഫോർമർ ആണെന്ന് തോന്നിയില്ല. ഒരു സാധു മനുഷ്യൻ! എന്തെങ്കിലും ചോദിച്ചാലാണ് തിരിച്ചു സംസാരിക്കുക. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തിന്റെ നമ്പർ എടുത്ത് കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചു. എന്റെ മെസ്സേജ് നിർഭാഗ്യവശാൽ അദ്ദേഹം കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ ‘ഡ്രാഗൺ’ ഇറങ്ങി. അത് വേറെ ലെവൽ ഹിറ്റ്. ഇപ്പോൾ ‘ഡ്യൂഡ്’ സിനിമ റിലീസ് ചെയ്തു അതിപ്പോൾ കണ്ടു വന്നതേയുള്ളൂ. കണ്ട പാടെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഏഴു വർഷം മുൻപെ ഒരു സ്ക്രിപ്റ്റും പിടിച്ച് ഓടി നടന്നിരുന്ന ഒരാൾ ഇന്ന് തമിഴ് സിനിമയിൽ ഒരു സ്റ്റാർ ആയി നിൽക്കുക എന്ന് പറയുമ്പോൾ ഭയങ്കര അഭിമാനം തോന്നുന്നു”. ഫാസിൽ മുസ്തഫ കൂട്ടിച്ചേർത്തു.