
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും സൂപ്പർതാരവുമായിരുന്ന എം.ജി. രാമചന്ദ്രന്റെ ജീവിതം പ്രമേയമാകുന്ന പുതിയ ചിത്രത്തിൽ മുൻ മുഖ്യമന്ത്രി ജയലളിതയായി നടി തൃഷ അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ട്. ‘പുരട്ചി തലൈവർ എം.ജി.ആർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് തൃഷയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് ജെ.എം. ബഷീർ വെളിപ്പെടുത്തി. തമിഴ് ദിനപത്രമായ ദിനമലറാണ് വാർത്ത പുറത്തുവിട്ടത്.
ചിത്രത്തിൽ ജയലളിതയുടെ കഥാപാത്രം ചെയ്യാൻ തൃഷ എത്തിയാൽ അത് വൻ വിജയമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒരു ജീവചരിത്ര സിനിമയിൽ അവസരം ലഭിച്ചാൽ ജയലളിതയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് 2017-ൽ ആരാധകരുമായി നടത്തിയ സംവാദത്തിൽ തൃഷ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം നടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എം.ജി.ആറിന്റെ സിനിമാജീവിതവും രാഷ്ട്രീയപ്രയാണവും കേന്ദ്ര പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ രാമപുരത്ത് ഉടൻ ആരംഭിക്കും. സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കഥാപാത്രങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകനെയും സംഗീതസംവിധായകനെയും ഉൾപ്പെടെയുള്ള മറ്റ് അണിയറ പ്രവർത്തകരെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ബഷീർ അറിയിച്ചു.