
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നതിനിടെ, വിജയാഘോഷത്തിൽ പങ്കുചേരാൻ വിജയ്‍യുടെ വസതിയിലെത്തി നടി തൃഷ. വിജയ്‌യുടെ പനയൂരിലെ വസതിയിലേക്കാണ് തൃഷ എത്തിയത്. ഇന്ന് തൃഷയുടെ ജന്മദിനം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തൃഷ വിജയ്‍യെ കാണാനെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചരണ വേളയിലുടനീളം വിജയ്‍യുടെ പേരിനൊപ്പം തൃഷയുടെ സാന്നിധ്യവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുപ്പതി സന്ദർശന വേളയിൽ തൃഷ ധരിച്ചിരുന്ന ഷോളിന്റെ നിറം ടിവികെ പാർട്ടിയുടെ കൊടിയുടെ നിറവുമായി സാമ്യമുള്ളതായിരുന്നു എന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രില്‍ 23-ന് വോട്ടെടുപ്പിന് ശേഷം വിജയ്‍യുടെ സൂപ്പർഹിറ്റ് ചിത്രം ‘ഗില്ലി’യിലെ ഗാനം പശ്ചാത്തലമാക്കി തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും നേരത്തെ വൈറലായിരുന്നു. വിജയ്‍യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് തൃഷയുടെ ഈ സന്ദർശനം എന്നത് ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിട്ടുണ്ട്.
നിലവിലെ വോട്ടെണ്ണൽ സൂചനകൾ പ്രകാരം 110 മണ്ഡലങ്ങളിൽ മുന്നേറുന്ന ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, 62 സീറ്റുകളിൽ ലീഡ് ചെയ്യുന്ന എഐഎഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്. മത്സരരംഗത്തുള്ള തൃച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.