‘നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും’…’ട്രാഫിക്ക് ‘ന്റെ പത്താംപിറന്നാള്‍

','

' ); } ?>

ട്രാഫിക്ക് എന്ന സിനിമയുടെ പത്താം പിറന്നാളില്‍ സംവിധായകന്‍ രാജേഷ്പിള്ളയെ ഓര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റായെത്തി സംവിധായകനായി മാറിയ മനു അശോകന്‍. ട്രാഫിക്ക് എന്ന സിനിമയിലൂടെയെത്തിയ പലരും ഇന്ന് അറിയപ്പെടുന്ന സാങ്കേതികവിദഗ്ദരും നടന്‍മാരുമായി മാറിയെന്ന് മനു പറയുന്നു. ടരാജേഷേട്ടന്റെ അസിസ്റ്റന്റായി, സുഹൃത്തായി, അനിയനായി.. ട്രാഫിക്കിന്റെ എഴുത്തുകാരുടെ തിരക്കഥ ചെയ്തു കൊണ്ട് തന്നെ സംവിധായകനുമായി…’ മനു ഓര്‍മ്മകള്‍ പങ്കിടുകയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

‘ട്രാഫിക്ക് ‘ന്റ്റെ പത്താംപിറന്നാള്‍!
വൈകുന്നേരം വിളിച്ചപ്പോള്‍ സഞ്ജു ചേട്ടന്‍ ( ബോബിസഞ്ജയ്)പറഞ്ഞു, ‘പത്തുവര്‍ഷം മുമ്പ് ഈ ദിവസം, ഈ സമയം , ഈ മുറിയില്‍ രാജേഷ് ഉണ്ടായിരുന്നു.. പടം വിജയമാണെന്നറിഞ്ഞ് ;ഒരുപാട് ഫോണ്‍ കോളുകള്‍ക്ക് നടുവില്‍: അറിയാമല്ലോ അയാളെ അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടിയങ്ങനെ..’
‘ട്രാഫിക്ക്’ എന്ന സിനിമയെക്കുറിച്ച് എനിക്കൊന്നും എഴുതാന്‍ ഇല്ല. പക്ഷേ പത്തുവര്‍ഷത്തിനിടയില്‍ കാലം മാറ്റി എഴുതിയതൊക്കെ എന്നെ വിസ്മയിപ്പിക്കുന്നു. എന്നിലെ സിനിമ വിദ്യാര്‍ഥിക്കും മനുഷ്യനും അതൊരു പാഠമാകുന്നു…
ട്രാഫിക്കിലൂടെ വന്ന ക്യാമറാമാന്‍ ഷൈജു ഖാലിദ് ഇന്ന് ഏതൊരു സംവിധായകനും ഒപ്പം ജോലിചെയ്യാന്‍ കൊതിക്കുന്ന ടെക്‌നീഷ്യനായി വളര്‍ന്നിരിക്കുന്നു … അന്ന് അദ്ദേഹത്തിന്റ്റെ അസോസിയേറ്റായിരുന്ന ജോമോന്‍ .ടി .ജോണ്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു … എഡിറ്റര്‍ മഹേഷ് നാരായണന്‍ കേരളം ഉറ്റുനോക്കുന്ന സംവിധായകനായിരിക്കുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന അന്നത്തെ പുതിയ നിര്‍മ്മാതാവിന്റെ മാജിക് ഫ്രെയിംസ് പ്രതീക്ഷ തന്നു കൊണ്ട് തന്നെ മുന്നേറുന്നു..
ഗസ്റ്റ് റോളില്‍ വന്ന നിവിന്‍പോളി ഇന്ന് സൂപ്പര്‍ താരം..’നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും’ എന്നുപറഞ്ഞ് തീയേറ്ററില്‍ കയ്യടിയുണര്‍ത്തിയ ജോസ് പ്രകാശ് സാര്‍ നമ്മെ വിട്ടു പോയി…ഈ പത്ത് വര്‍ഷത്തിനിടയില്‍ എപ്പോഴോ ഞാന്‍ രാജേഷേട്ടന്റെ അസിസ്റ്റന്റായി, സുഹൃത്തായി, അനിയനായി.. ട്രാഫിക്കിന്റെ എഴുത്തുകാരുടെ തിരക്കഥ ചെയ്തു കൊണ്ട് തന്നെ സംവിധായകനുമായി..
കക്കാട് പറഞ്ഞതുപോലെ ‘അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം’.
പക്ഷേ…സങ്കല്പങ്ങളിലെ അനിശ്ചിതത്വങ്ങളില്‍ പോലുമില്ലായിരുന്നല്ലോ, രാജേഷേട്ടന്റെ ഭാര്യ മേഘേച്ചി എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുമെന്ന്…
‘കാലമിനിയുമുരുളു’ മെന്നറിയുമ്പോഴും കരുതിയതല്ലല്ലോ രാജേഷേട്ടാ ,നിങ്ങളെന്നെയിട്ട് പോകുമെന്ന്..
ഫോണ്‍ വെക്കും മുമ്പ് ഞാന്‍ ചോദിച്ചു ‘ പത്താം വര്‍ഷമായപ്പൊ എന്തുതോന്നുന്നു സഞ്ജുഏട്ടാ..?
‘രാജേഷില്ലാതെ എന്തു പത്താം വര്‍ഷം മനൂ..’
രാജേഷിനെ അറിയാവുന്ന ഒരാള്‍ക്ക് മാത്രം മനസ്സിലാകുന്ന വാചകം. എനിക്കത് മനസ്സിലാകുന്നു.രാജേഷേട്ടനില്ലാത്തതുകൊണ്ട് നഷ്ടപ്പെട്ട സന്തോഷത്തിന്റ്റെയും ഉള്ള് നിറയുന്ന സ്‌നേഹത്തിന്റെയും ഒരുപാടൊരുപാടൊരുപാട് ദിവസങ്ങള്‍ ഇനിയുമുണ്ടാകുമായിരുന്നു, എനിക്കത് മനസ്സിലാകുന്നു…
നിങ്ങളുടെ ‘മനൂ ‘ വിളിയില്ലാതെ ഒരു രസമില്ല രാജേഷേട്ടാ. ദിവസത്തിലൊരു പത്ത് തവണയെങ്കിലും ഇന്നും ഞാനത് മനസ്സില്‍ കേള്‍ക്കാറുണ്ടെങ്കിലും .