
ദ് കേരള സ്റ്റോറി 2 വിനെതിരെ എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ ടൊവിനോ തോമസ്. താനതിനെ കുറിച്ചെന്തെങ്കിലും പറഞ്ഞാൽ അവർക്കതൊരു പ്രമോഷനായി മാറുമെന്നും, അങ്ങനെ താനൊരിക്കലും ചെയ്യില്ലെന്നും ടൊവിനോ പറഞ്ഞു. പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ അതിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്. ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”. ടൊവിനോ പറഞ്ഞു.
ടൊവിനോയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകരിപ്പോൾ. അതേസമയം വിഷു റിലീസായി ഏപ്രിൽ 10 നാണ് പള്ളിച്ചട്ടമ്പി റിലീസ് ചെയ്യുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച സിനിമയായിരുന്നു 2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.