
സംവിധായകൻ അഭിഷൻ ജീവിന്ത് വിവാഹിതനായി. ദീർഘകാല പ്രണയിനിയായ അഖില ഇളങ്കോവനാണ് വധു. കുടുംബാംഗങ്ങളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു വസതിയിൽ വെച്ചായിരുന്നു വിവാഹം. സിനിമ മേഖലയിൽ നിന്നും ശിവകാർത്തികേയൻ, ശശികുമാർ, എം.എസ്. ഭാസ്കർ, സിമ്രാൻ, അനശ്വര രാജൻ, സൗന്ദര്യ രജനികാന്ത് തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു.
ടൂറിസ്റ്റ് ഫാമിലി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ സംവിധായകനാണ് അഭിഷൻ ജീവിന്ത്. സിനിമയുടെ പ്രി റിലീസ് ചടങ്ങിനിടെ, അഖില ഇളങ്കോവന് താരം വിവാഹാഭ്യർഥന നടത്തിയത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ആ ചടങ്ങിൽ വെച്ച് പറഞ്ഞ അതേ ദിവസം തന്നെയാണ് തന്റെ പ്രണയിനിക്ക് അഭിഷൻ താലി ചാർത്തിയത്.
‘ടൂറിസ്‌റ്റ് ഫാമിലി’യിലെ സഹ സംവിധായകരിൽ ഒരാൾ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിഷനാണ് നായകൻ. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രത്തിന് ‘കറ്‌ക്ടെഡ് മച്ചി’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഒരു റൊമാൻ്റിക് എൻ്റർടെയ്നറായിരിക്കും.