നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം മൂത്തോന്‍ ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വെച്ചു നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ടൊറന്റോയില്‍ സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടൊറന്റോയ്ക്ക് പുറമെ, മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായും ‘മൂത്തോന്‍’ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.