“സിനിമ എനിക്ക് ഒരു തൊഴിൽ മാത്രമല്ല ജീവിതം തന്നെയാണ്”; ആദ്യ ഓസ്കാർ നേട്ടത്തിൽ ടോം ക്രൂസ്

','

' ); } ?>

ആദ്യ ഓസ്കാർ നോമിനേഷൻ ലഭിച്ച് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കി ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ്. സിനിമയിലെ അദ്ദേഹത്തിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്. ഞായറാഴ്‌ച ലോസ് ഏഞ്ചൽസിലെ ഓവേഷൻ ഹോളിവുഡിലെ റേ ഡോൾബി ബോൾറൂമിൽ നടന്ന ഗവർണേഴ്സ് അവാർഡ്‌സിൽ വെച്ചാണ് പുരസ്ക്കാരം കൈമാറിയത്. മികച്ച നടൻ ഉൾപ്പെടെ മൂന്ന് ഓസ്‌കർ നാമനിർദ്ദേശങ്ങളും, 2023-ൽ ‘ടോപ്പ് ഗൺ: മാവെറിക്’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള നിർമ്മാതാവെന്ന നിലയിലുള്ള നോമിനേഷനും താരത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.

“സിനിമ എന്നെ ലോകമെമ്പാടും എത്തിക്കുന്നു. വ്യത്യാസങ്ങളെ വിലമതിക്കാനും ബഹുമാനിക്കാനും അത് എന്നെ സഹായിക്കുന്നു. നമ്മുടെ പൊതുവായ മനുഷ്യത്വം, പല കാര്യങ്ങളിലും നമ്മൾ എത്രത്തോളം സമാനരാണ് എന്നതും അത് എന്നെ കാണിച്ചുതരുന്നു. പ്രേക്ഷകർ ഒരുമിച്ച് ചിരിക്കുകയും അനുഭവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന തിയേറ്ററിലെ കൂട്ടായ അനുഭവം ഈ കലാരൂപത്തിൻ്‌റെ ശക്‌തിയാണ്. സിനിമ എനിക്ക് ഒരു തൊഴിൽ മാത്രമല്ല ജീവിതം തന്നെയാണ് അതുകൊണ്ടാണ് ഇതിന് പ്രാധാന്യമുള്ളത്.” ടോം ക്രൂസ് പറഞ്ഞു.

“സിനിമ എന്നിൽ ഒരു തീപ്പൊരിയുണ്ടാക്കി. അതൊരു സാഹസികതയ്ക്കുള്ള ദാഹമായി, അറിവിനായുള്ള ദാഹമായി, മനുഷ്യത്വത്തെ മനസ്സിലാക്കാനുള്ള ദാഹമായി, കഥാപാത്രങ്ങളെ സൃഷ്‌ടിക്കാനുള്ള ദാഹമായി, ഒരു കഥ പറയാനുള്ള ദാഹമായി, ലോകത്തെ കാണാനുള്ള ദാഹമായി. അത് എന്റെ കണ്ണുകൾ തുറന്നു. എൻറെ ജീവിതത്തിൽ ഞാൻ അപ്പോൾ കണ്ടിരുന്ന അതിർവരമ്പുകൾക്കും അപ്പുറത്തേക്ക് ജീവിതം വികസിക്കാൻ സാധ്യതയുണ്ടെന്നുള്ള എൻറെ ഭാവനയെ അത് തുറന്നുവിട്ടു. ആ പ്രകാശരശ്‌മി ലോകത്തെ തുറക്കാനുള്ള ഒരു ആഗ്രഹം എന്നിൽ ജനിപ്പിച്ചു, അതിനെ ഞാൻ അന്നുമുതൽ പിന്തുടരുകയാണ്.” ടോം ക്രൂസ് കൂട്ടിച്ചേർത്തു.

പകരം വെക്കാനില്ലാത്ത പ്രകടനങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വിസ്‌മയിപ്പിച്ച സൂപ്പർ താരമാണ് ടോം ക്രൂസ്.
ഇതിനുമുമ്പ് ടോം ക്രൂസ് നാല് ഓസ്‌കർ നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്. ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ, ജെറി മഗ്വെയർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദ്ദേശങ്ങളും മഗ്നോലിയ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള നാമനിർദ്ദേശവും, ടോപ്പ് ഗൺ: മാവെറിക് എന്ന ചിത്രത്തിൻറെ നിർമ്മാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു. ഈ ഓണററി ഓസ്കർ ആണ് അദ്ദേഹത്തിന് ലഭിക്കുന്ന ആദ്യത്തെ അക്കാദമി അവാർഡ്. ടോം ക്രൂസിനെ കൂടാതെ, ഡോളി പാർട്ടൺ, ഡെബി അലൻ, വിൻ തോമസ് തുടങ്ങിയ സിനിമാ പ്രവർത്തകർക്കും ചലച്ചിത്ര നിർമ്മാണത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഗവർണേഴ്സ‌സ്‌ അവാർഡ്‌സിൽ അക്കാദമി അംഗീകാരം നൽകി.