
എമ്പുരാനിലെ മോഹന്‍ലാലിനെ അനുകരിച്ച് ട്രോളുകളിൽ നിറഞ്ഞ് നടൻ ടിനി ടോം. എമ്പുരാനിലെ മോഹന്‍ലാലിന്റെ നടത്തമാണ് ടിനി അനുകരിച്ചത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്തതാണ് ടിനിയുടെ അനുകരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരുകാലത്ത് മിമിക്രി വേദികളിലെ മിന്നും താരമായ ടിനിയുടെ മിമിക്രി പക്ഷെ ഇപ്പോള്‍ കാലത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ടിനി ടോമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘ഇത് ആരാണ് എന്ന് അവസാനം പറയണം, മനസിലായില്ല, ടിനി ടോമിനെ പോലെ തന്നെ ഉണ്ട്, പാട്ടില്ലായിരുന്നു എങ്കില്‍ തനി സഖാവ് അച്യുതാനന്ദന്‍, വോയിസ് എടുത്താലും ഫിഗര്‍ ചെയ്താലും അവസാനം ടിനി ടോം ആകുന്ന ഒരേ ഒരു പ്രതിഭാസം, ഈ പുള്ളി ഇപ്പോഴും ഒരു ഇരുപത് കൊല്ലം പുറകിലാ? എന്നിങ്ങനെയാണ് വീഡിയോക്ക് വരുന്ന പ്രതികരണങ്ങൾ.
അതേസമയം ഈ വേദിയില്‍ മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപിയേയും അമിതാഭ് ബച്ചനേയുമെല്ലാം ടിനി ടോം അവതരിപ്പിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ബച്ചനും സുരേഷ് ഗോപിയ്ക്കുമെല്ലാം ടിനി ടോമിന്റെ ശബ്ദമാണെന്നാണ് പരിഹാസം. കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി താരമാണ് ടിനി ടോം. മിമിക്രിയിലൂടെ സിനിമയിലെത്തുകയും, ഇന്ന് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു.