പ്രദർശന വിലക്ക് നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹർജിക്കാരൻ

','

' ); } ?>

ഹൈക്കോടതിയുടെ പ്രദർശന വിലക്ക് നിലനിൽക്കെ, ‘ദ കേരള സ്റ്റോറി 2’ വിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച അണിയറപ്രവർത്തകർക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ കോടതിയലക്ഷ്യ ഹര്‍ജി നൽകുമെന്ന് ഹർജിക്കാരൻ. ചിത്രത്തിന്റെ പ്രദർശനം കേരള ഹൈക്കോടതി 15 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്റെ സ്റ്റേക്കെതിരെ കഴിഞ്ഞ ദിവസം തന്നെ സിനിമയുടെ നിർമാതാവായ വിപുൽ അമൃത് ലാൽ ഷാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടായിരുന്നു. രാത്രി വൈകിയും അപ്പീലിൽ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധര്‍മാധികാരി, വി.എം. ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രദർശന വിലക്ക് നിലനിൽക്കെ സംസ്ഥാനത്തിന് പുറത്തുള്ള തിയേറ്ററുകളിലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. അപ്പീലിൽ വിധി വരുന്നതിന് മുൻപ് സിനിമയുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായത് വലിയ ആശയക്കുഴപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. മുംബൈയിൽ 21 തിയേറ്ററുകളിലും ഡൽഹിയിൽ 14 തിയേറ്ററുകളിലും ടിക്കറ്റുകൾ ലഭ്യമാണെന്നാണ് റിപ്പോർട്ട്. മറ്റ് മെട്രോ നഗരങ്ങളിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് ‘കേരള സ്റ്റോറി 2’ എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.

കാമാഖ്യ നാരായണ്‍ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.