എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു

കാത്തിരിപ്പിനൊടുവില്‍ തടസങ്ങള്‍ നീങ്ങി നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസിനൊരുങ്ങുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അറിയിച്ചത്. ”എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു. മാര്‍ച്ച് 10 മുതല്‍ മാജിക് ഫ്രെയിംസ് തിയറ്ററുകളില്‍ എത്തിക്കുന്നു.”സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചു.

2021 മെയ് മാസം റിലീസ് പ്രഖ്യാപിച്ച സിനിമയാണ് തുറമുഖം. പക്ഷേ കോവിഡ് ലോക്ഡൗണ്‍ മൂലം റിലീസ് നീട്ടി. പിന്നീട് മൂന്നോ നാലോ തവണ പുതിയ തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം റിലീസ് നീണ്ടു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ചിത്രം ഇപ്പോള്‍ തിയറ്ററുകളിലെത്തുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്‍പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍.