‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു

ബോളിവുഡ് ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 28നാണ് ചിത്രം ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്. ആമിര്‍ഖാന്‍, അമിതാബ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ത്യയില്‍ വന്‍ പരാജയമായിരുന്നു.

ചൈനയിലെ റിലീസ് പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും കാത്തിരിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ഇന്ത്യയില്‍ ലഭിക്കാതെ പോയ മാര്‍ക്കറ്റ് ചൈനയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള നടനാണ് ആമിര്‍ഖാന്‍. ആമിര്‍ ചിത്രങ്ങളായ ത്രീ ഇഡിയറ്റ്‌സ്, ദംഗല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ചൈനയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം നിരാശപ്പെടുത്തിയതില്‍ ആരാധകരോട് ക്ഷമ ചോദിച്ചും പ്രതിഫലം തിരികെ നല്‍കിയും ആമിര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ബിഗ് ബഡ്ജറ്റിലായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഒരുക്കിയിട്ടുള്ളത്.