തഗ് ലൈഫ് അഡ്വാൻസ് ബുക്കിങ് നാളെ മുതൽ

','

' ); } ?>

മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ അഡ്വാൻസ് ബുക്കിങ് ജൂൺ ഒന്നിന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് സിനിമയുടെ ബുക്കിങ് ഓപ്പൺ ആകും. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുലർച്ചെ നാല് മണി മുതലാണ് തഗ് ലൈഫിന്റെ പ്രദർശനം ആരംഭിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള സൂചിപ്പിക്കുന്നത്. കേരളത്തിലും ഇതേസമയത്ത് തന്നെ ഷോ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, തമിഴ്നാട്ടിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിദേശരാജ്യങ്ങളിലും ഇന്ത്യൻ സമയം നാലിന് സമാനമായ ടൈമിലാകും ഷോ ആരംഭിക്കുക. ചിത്രത്തിന്റെ ഓവർ സീസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ സിനിമയ്ക്ക് ലഭിക്കുന്നത്. തഗ് ലൈഫിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം.

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമൽ ഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പ്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാന മികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

അതീ സമയം കർണാടകയിൽ ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുകയാണ്. കന്നഡ ഭാഷാവിവാദത്തില്‍ മാപ്പു പറയാൻ കമല്‍ഹാസന് രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചത്. കന്നഡ ഭാഷാവിവാദത്തില്‍ മാപ്പുപറയില്ലെന്ന് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. മാപ്പുപറയാന്‍ കമലിന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു. കമല്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു.

‘കന്നഡ അനുകൂലസംഘടനകളുടെ വികാരത്തിനൊപ്പമാണ് ഫിലിം ചേംബര്‍. വിതരണക്കാരെ വിളിച്ചുവരുത്തി കമല്‍ഹാസനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീയേറ്റര്‍ ഉടമകളുമായും ചര്‍ച്ച നടത്തി. കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനം’, ഫിലിം ചേംബര്‍ പ്രസിഡന്റ് എം. നരസിംഹലു ദി ഫെഡറലിനോട് പറഞ്ഞു. ഇതോടെ ആഗോളറിലീസായി ജൂണ്‍ അഞ്ചിന് എത്തുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമായി. പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നരസിംഹലു അറിയിച്ചു.

നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ‘ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്‌നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്‌നേഹം യഥാര്‍ഥമാണ്. എന്തെങ്കിലും അജന്‍ഡ ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല’, എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.