
നടൻ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിന് പിന്നാലെ ചർച്ചയായി നടി ലക്ഷ്‌മി മഞ്ചു പങ്കുവച്ച ട്വീറ്റ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം തന്നെയായിരുന്നു നടി തൃഷയുടെ ജന്മദിനവും. “എത്ര മനോഹരമായ ദിവസം! നിനക്ക് ഏറ്റവും നല്ല ജന്മദിന സമ്മാനം നൽകാനാണ് ഈ പ്രപഞ്ചം തീരുമാനിച്ചതെന്ന് തോന്നുന്നു”, എന്നാണ് ലക്ഷ്മി തൃഷയ്ക്ക് ജനംദിനാശംസകളായി കുറിച്ചിരിക്കുന്നത്.
“എന്നും അതീവ സുന്ദരിയും മനോഹരിയുമായി തിളങ്ങുന്ന തൃഷയ്ക്ക് പിറന്നാൾ ആശംസകൾ. ആഘോഷിക്കാൻ എത്ര മനോഹരമായ ദിവസം! നിനക്ക് ഏറ്റവും നല്ല ജന്മദിന സമ്മാനം നൽകാനാണ് ഈ പ്രപഞ്ചം തീരുമാനിച്ചതെന്ന് തോന്നുന്നു, ആ വലിയ വിജയത്തോടെ! ഇന്ന് നിനക്ക് ഇരട്ടി ആഘോഷമാണ്! ഒരു മാന്ത്രിക ദിവസം ആശംസിക്കുന്നു, പ്രിയേ.”-ലക്ഷ്മി മഞ്ജു കുറിച്ചു.
നേരത്തെ നടി കസ്‌തൂരി ശങ്കറും സമാനമായ പിറന്നാൾ സന്ദേശം പങ്കുവച്ചിരുന്നു. ‘പിറന്നാൾ ആശംസകൾ തൃഷ, ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമായിരിക്കും, മേയ് നാല്.”-കസ്‌തൂരി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ട്വീറ്റിനു താഴെ നിരവധിപ്പേരാണ് കമൻ്റുകളുമായി എത്തുന്നത്. വിജയയുടെ ചരിത്ര വിജയവുമായി തൃഷയുടെ പിറന്നാളിനെ ബന്ധിപ്പിക്കുകയാണ് കസ്തുരി അടക്കമുള്ളവർ.
അതേസമയം പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തിയിരുന്നു. തൃഷയുടെ ജന്മദിനം, തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ ദിനം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ കൂടിയുണ്ട് ഈ ദർശനത്തിനു പിന്നിൽ.
നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ.വിജയ്‌ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്‌യുമായി സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജിയിൽ ഒരു നടിയെ കുറിച്ച് പരാമർശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയയുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.