
അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയുടെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ആലപ്പുഴ, എറണാകുളം, തൃശൂർ സ്വദേശികളായ ഫേസ്ബുക്ക് പേജ് അഡ്മിൻമാരാണ് അറസ്റ്റിലായിരിക്കുന്നത്. വീഡിയോ ഇപ്പോഴും പ്രചരിക്കുന്ന പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും പോലീസ് നൽകി.
ഭാരതീയ ന്യായ സംഹിതയുടെ 72, 75, ഐടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. കേസിൽ മാർട്ടിനെതിരെ നേരത്തേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മാർട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം കഠിനതടവിന് വിധിച്ചിരുന്നു.
മാർട്ടിൻ ജാമ്യത്തിലിറങ്ങിയപ്പോൾ ചിത്രീകരിച്ച വീഡിയോ ആണ് വിചാരണ കോടതിയുടെ വിധി വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ മാർട്ടിൻ പറയുന്നത്. ഇതിനൊപ്പമാണ് ഇയാൾ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
അതേ സമയം കേസിൽ അപ്പീൽ നൽകാൻ സർക്കാകർ അനുമതി നൽകിയിരിക്കുകയാണ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. ഈ മാസം 12-ാം തീയതി വന്ന കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.
കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.