
കേന്ദ്രസർക്കാരിന്റെ ശുചിത്വ കാമ്പയിനായ സ്വഛതാ പഖ്വാഡയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എംഡി സെമിനാരി സ്കൂളിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നിർവഹിച്ചു. കമ്മിഷണർ സിനിമയിലെ ഭരത്ചന്ദ്രൻ സ്റ്റൈലിലായിരുന്നു പരിപാടിയുടെ ഉദഘാടനം നിർവഹിച്ചത്. ജൂലായ് ഒന്നുമുതൽ 15 വരെയാണ് ശുചിത്വ കാമ്പയിൻ നടക്കുക
“ജൂൺ അഞ്ചിന് കുഞ്ഞുങ്ങളൊക്കെ മഴ നനഞ്ഞ് മരം നടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. മണ്ണ്, മനുഷ്യൻ, മൃഗം, മരം. ഇത് നാലും ഭൂമിക്ക് പ്രധാനമാണ്. മരം നടുകയെന്നത് നമ്മുടെ രാജ്യത്ത് നിയമമല്ല. എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വനവത്കരണം ലിഖിതമായ നിയമമാണ്. മണ്ണിലേക്ക് പിറന്ന നമുക്ക് ഒന്നിലും ഉൾപ്പെടുത്താനാകാത്ത ഉത്തരവാദിത്വം ഈ മണ്ണിനോടുണ്ട്. അത് നിറവേറ്റിയാൽ മാത്രമേ നമുക്ക് മണ്ണിനോട് ചേരാൻ കഴിയൂ. അതുപോലെ മണ്ണിനും മനുഷ്യനും മൃഗത്തിനും യോജിച്ച ശരിയായ മരമാണ് നമ്മൾ നടേണ്ടത്. കുട്ടികൾ അണ്ണാറക്കണ്ണൻമാരേപ്പോലെ തന്നാലാകുന്നത് ചെയ്താൽ ഭൂമിയെ അമ്മയെപ്പോലേ നിലനിർത്താം. ഭൂമിക്കുള്ള മനുഷ്യന്റെ സംഭാവനയെന്ന നിലയിലാണ് കേന്ദ്രസർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികൾ ഈ ശുചിത്വ കാമ്പയിന്റെ പ്രചാരകരാകണം. അതിലൂടെ മണ്ണിനോട് ചെയ്യുന്ന ദ്രോഹത്തിന്റെ അളവെങ്കിലും കുറയ്ക്കണം’’-സുരേഷ് ഗോപി പറഞ്ഞു.
പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ, പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, ഐഒസി സിജിഎം ഗീതിക വെർമ്മ, എംഡി സ്കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, പ്രഥമാധ്യാപകൻ ഡാനീഷ് ജോൺ, കൗൺസിലർ ജയ്മോൾ ജോസഫ്, ഐഒസി ഡിജിഎം (എച്ച്ആർ) ബീന മേനോൻ എന്നിവർ പ്രസംഗിച്ചു.