ഇത് വിക്രം നിരസിച്ച വേഷം; കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്ന് ആരാധകർ

','

' ); } ?>

എസ് എസ് രാജമൗലി–മഹേഷ് ബാബു ചിത്രം എസ്എസ്എംബി 29 ൽ ചിയാൻ വിക്രമിന് പകരമാണ് മാധവനെത്തിയതെന്ന് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് ആർ മാധവും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാൻ വിക്രമിനെ ആണെന്നും അദ്ദേഹം നിരസിച്ചതിനെ തുടർന്നാണ് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

സിനിമയിലെ പ്രധാന വില്ലൻ വേഷമായിരുന്നു വിക്രമിനായി രാജമൗലി നൽകിയിരുന്നത്. എന്നാൽ തന്നെ വില്ലനായി ആരാധകർ ഏറ്റെടുക്കില്ലെന്ന കാരണം പറഞ്ഞാണ് വിക്രം ഈ അവസരം നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഈ വേഷത്തിനായി മാധവനെ സമീപിച്ചെന്നും നടൻ സ്വീകരിച്ചെന്നുമാണ് റിപ്പോട്ടുകൾ. അധികം വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണം എത്തുമെന്നും റിപ്പോട്ടിൽ പറയുന്നു. നാഷണൽ മാധ്യമമായ കോയി മോയ്‌യും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാർത്തകൾ സത്യമെങ്കിൽ വിക്രമിന് ഇത് വലിയ നഷ്ടമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ വാരം ഹൈദരാബാദിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. വമ്പൻ താരനിരയുള്ള സിനിമയില്‍ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വെഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.