
മലയാളം സിനിമ ചെയ്ത സമയത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കിട്ട് നടി വിദ്യ ബാലൻ. തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ പേര് മാറ്റാനും പകരം സമുദായത്തിന്റെ പേരുവെക്കാൻ പറഞ്ഞെന്നും, ഒടുവിൽ തന്റെ പേര് അവർ മാറ്റിയെന്നും വിദ്യ ബാലൻ പറഞ്ഞു. പക്ഷെ ആ സിനിമ നടന്നില്ലെന്നും അതിൽ പിന്നീട് ദുഖമൊന്നും തോന്നിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഒരു മലയാളം സിനിമ ചെയ്യവെ അവര്‍ എന്റെ പേരിനൊപ്പമുള്ള ബാലന് ഒഴിവാക്കാന്‍ പറഞ്ഞു. പകരം എന്റെ സമുദായത്തിന്റെ പേര് വെക്കാനാണ് പറഞ്ഞത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നൊക്കെപ്പോലെ. അങ്ങനെ വിദ്യ അയ്യര്‍ ആക്കി. ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നീയെന്നും വിദ്യ ബാലന് ആയിരിക്കുമെന്ന് അച്ഛനും അമ്മയും പറഞ്ഞു. എന്തായാലും ആ സിനിമ നടന്നില്ല. അപ്പോഴാണ് എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാല്‍ അത് ശരിയാകില്ലെന്ന് ഞാന്‍ മനസിലാക്കുന്നത്”. വിദ്യ ബാലൻ പറഞ്ഞു
2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന് ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയും വിദ്യയുടെ പ്രകടനവും കയ്യടി നേടി. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിധു വിനോദ് ചോപ്രയാണ് സിനിമയുടെ രചനയും നിര്‍മാണവും.