തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിയോക്ക് യോഗത്തില്‍ തീരുമാനം.ഇന്ന് ചേര്‍ന്ന ഫിയോക്ക് ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപ്,ആന്റണി പെരുമ്പാവൂര്‍ എന്നിവരുള്‍പ്പെടെ തിയേറ്റര്‍ തുറക്കേണ്ടെന്ന നിലപാടെടുത്തതാണ് നിര്‍ണായകമായത്.തിയേറ്റര്‍ ഉടമകളില്‍ ഭൂരിഭാഗവും തുറക്കണമെന്ന അഭിപ്രായമാണ് സ്വീകരിച്ചത്. നമുക്ക് വേണ്ടിയുള്പ്പെടെയാണ് നിര്‍മ്മാതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്ന് ദിലീപ് യോഗത്തില്‍ പറഞ്ഞു.
വിനോദ നികുതി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന മുറക്ക് റിലീസ് അനുവദിച്ചാല്‍ മതിയെന്നാണ് ഫിയോക് ജനറല്‍ ബോഡിയുടെ തീരുമാനം. കൊച്ചിയിലാണ് സംഘടന യോഗം ചേര്‍ന്നത്.
ഫിലിം ചേംബറും ഇതേ നിലപാട് ആണ് കഴിഞ്ഞ ദിവസത്തെ സംയുക്ത യോഗത്തില്‍ മുന്നോട്ട് വച്ചത്. വിജയ് ചിത്രമായ മാസ്റ്റര്‍ റിലീസ് മുടങ്ങുന്ന സാഹചര്യത്തില്‍ തിയറ്റര്‍ തുറക്കണമെന്ന നിലപാടിലായിരുന്നു കൂടുതല്‍ തിയറ്റര്‍ ഉടമകളും. തിയറ്റര്‍ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കഴിഞ്ഞ ദിവസം ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തമിഴ് ചിത്രത്തിന് വേണ്ടി സര്‍ക്കാരിന് മുന്നിലുള്ള ചലച്ചിത്ര സംഘടനകളുടെ ആവശ്യം അവഗണിച്ച് തിയറ്റര്‍ തുറക്കേണ്ടതില്ലെന്ന് ഫിയോക് ചെയര്മാന് ദിലീപും ജനറല്‍ സെക്രട്ടറി ആന്റണി പെരുമ്പാവൂരും നിലപാടെടുത്തു.