
അകാലത്തിൽ മരണപ്പെട്ട നാടകപ്രവർത്തകൻ കെ.വി. വിജേഷിന്റെ നാടകപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് കുറിപ്പ് പങ്കുവെച്ച് ഭാര്യയും നടിയുമായ കബനി. ‘ നാടകം ഉയിർത്തെഴുന്നേൽപിൻ്റേതുകൂടിയാണെന്നും, മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണെന്നാണ് വിജേഷ് തനിക്ക് തന്ന പുതിയ പാഠമെന്നും‘ കബനി കുറിച്ചു.
“ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിൻ്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പം ഉണ്ടെന്നറിയാം. നാടകം ഉയിർത്തെഴുന്നേൽപിൻ്റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല.” കബനി കുറിച്ചു.
“അവൻ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും, ആളുകളവനെ പ്രണയിച്ചുകൊണ്ടേയിരിക്കും. വീണ്ടും വികാരങ്ങളുടെ വിസ്ഫോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും.. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ. നിങ്ങൾ വിജേഷേട്ടൻ്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നാടകക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും.” കബനി കൂട്ടിച്ചേർത്തു.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ നാടക പരിശീലനത്തിനിടെയായിരുന്നു വിജേഷിൻ്റെ അകാല വിയോഗം.