
“നമ്മളിപ്പോൾ ജീവിക്കുന്നത് മമിത ബൈജു എറയിലാണ്” എന്ന സോഷ്യൽ മീഡിയ വാചകം വെറുമൊരു പുകഴ്ത്തലല്ല, തെന്നിന്ത്യൻ സിനിമാ ബോക്സ് ഓഫീസിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ നേർസാക്ഷ്യമാണ്. ആക്ഷനും മാസും നിറഞ്ഞ വലിയ കളങ്ങളിലേക്ക് യാതൊരു വെപ്രാളവുമില്ലാതെ നടന്നു കയറുകയും, സ്വന്തം പ്രകടനം കൊണ്ട് തിയേറ്ററുകളിൽ ജനസമുദ്രം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു നായികയായി മമിത മാറിയിരിക്കുന്നു. ഇൻഡസ്ട്രികളുടെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ് കോടി ക്ലബുകളിൽ നിന്ന് കോടി ക്ലബുകളിലേക്ക് അനായാസം ചുവടുവെക്കുന്ന ഈ വളർച്ച അവിശ്വസനീയമായ ഒരു സിനിമായാത്രയാണ്.
‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിൽ നിന്നുമാണ് മമിതയുടെ വെള്ളിത്തിരയിലെ തുടക്കം. പിന്നീട് ‘വികൃതി’, ‘വരത്തൻ’, ‘ഡാകിനി’, ‘ഹണിബീ 2.5’, ‘ഓപ്പറേഷൻ ജാവ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അവർ സാന്നിധ്യമറിയിച്ചു. എന്നാൽ ഗിരീഷ് എ.ഡി. ചിത്രമായ ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രമാണ് മമിതയുടെ സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. പിന്നീട് വന്ന ‘പ്രേമലു’വിലെ റീനുവിലൂടെ ആ ജനപ്രീതി അതിരുകൾ കടന്നു പടർന്നു. റീനുവിന്റെ റിയലിസ്റ്റിക് ഭാവങ്ങൾ കേരളക്കരക്ക് പുറത്തും വലിയ തരംഗമായി മാറിയതോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തു.
തമിഴിൽ ‘ഡൂഡ്’ എന്ന ചിത്രത്തിലെ കുറൽ എന്ന കഥാപാത്രം തുടക്കത്തിൽ ട്രോളുകൾക്ക് ഇരയായെങ്കിലും, തമിഴ് സിനിമാ ലോകം ആ നടിയെ അത്യധികം സ്നേഹത്തോടെ നെഞ്ചേറ്റി. തുടർന്നാണ് വമ്പൻ ബഹുഭാഷാ ചിത്രങ്ങളിലേക്കുള്ള വാതിൽ തുറക്കപ്പെടുന്നത്. ജനനായകനൊപ്പം ആക്ഷൻ രംഗങ്ങളിൽ പോലും ഈസിയായി സ്കോർ ചെയ്ത ‘ജനനായകൻ’ എന്ന ചിത്രത്തിലെ വിജി 300 കോടിയും കടന്ന് കുതിപ്പ് തുടരുമ്പോൾ, സൂര്യ-വെങ്കി അറ്റ്ലൂരി കൂട്ടുകെട്ടിലെത്തിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ വെറും രണ്ടു ദിവസം കൊണ്ടാണ് 100 കോടി മാജിക് തീർത്ത് റെക്കോർഡിട്ടത്.
തെന്നിന്ത്യയൊട്ടാകെ സ്നേഹം വാരിക്കൂട്ടുന്നതിനിടയിലാണ് മമിത വീണ്ടും തന്റെ തട്ടകമായ മലയാളത്തിലേക്ക് തിരികെയെത്തുന്നത്. ഗിരീഷ് എ.ഡി. സ്കൂളിലേക്ക് മടങ്ങിയെത്തിയ മമിത ‘ബേത്ലഹേം കുടുംബ യൂണിറ്റി’ൽ അയൽപക്കത്തെ പെൺകുട്ടിയായ ആഷ്ലിയായി വീണ്ടും പ്രേക്ഷകമനം കവർന്നു. മൈന്യൂട്ട് എക്സ്പ്രഷനുകൾ കൊണ്ടും റിയാക്ഷനുകൾ കൊണ്ടും ആഷ്ലിയെ അതിമനോഹരമായി ജീവസ്സുറ്റതാക്കാൻ മമിതക്കായി. നായികയുടേതായ പ്രത്യേക ഭാവങ്ങളോ അനാവശ്യ ചമയങ്ങളോ ഇല്ലാതെ, ആ പ്രായത്തിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും എളുപ്പം റിലേറ്റ് ചെയ്യാവുന്ന സാധാരണത്വമാണ് ആഷ്ലിയെ സുന്ദരിയാക്കിയത്. ആ ഒതുക്കവും ലളിതമായ റിയാക്ഷനുകളുമാണ് മമിതയെന്ന നടിയുടെ ഏറ്റവും വലിയ അടയാളം.
‘പ്രേമലു’, ‘ജനനായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’, ഒടുവിൽ തരംഗമായി 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ബേത്ലഹേം കുടുംബ യൂണിറ്റ്’ വരെ തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന വമ്പൻ ഹിറ്റുകൾ മമിത മാജിക്കിന്റെ വ്യക്തമായ തെളിവാണ്. കേവലം ഒരു മാസത്തിനുള്ളിൽ മൂന്ന് സൂപ്പർ ഡൂപ്പർ ഹിറ്റുകൾ സമ്മാനിച്ച്, സ്വാഭാവിക അഭിനയം കൊണ്ടും മാസ് അപ്പീൽ കൊണ്ടും ദക്ഷിണേന്ത്യൻ സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന മമിത ബൈജു തെന്നിന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്.