
അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ വീണ്ടും തിളങ്ങി മലയാള സിനിമ ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’. റിമ കല്ലിങ്കലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം വിദേശത്തും ഇന്ത്യയിലുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ ചലച്ചിത്രമേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി.
അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ ഘോഷിന്റെ സ്മരണാർഥം കൽക്കത്തയിൽ സംഘടിപ്പിച്ച ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രമായി ‘തിയേറ്റർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരത്തിന് അർഹനായി. ഈ മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രവും ഇതായിരുന്നു. ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റി അംഗവുമായ ശ്രീലേഖ മുഖർജി അധ്യക്ഷയായ പാനലിൽ ശർമിഷ്ഠ മൈതി, രാജ്ദീപ് പോൾ, ജയശ്രീ ഭട്ടാചാര്യ, ഒലീവിയ ദാസ്, സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.
അതേസമയം, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബു കരസ്ഥമാക്കി. റഷ്യൻ സാംസ്കാരിക മന്ത്രാലയം, സെന്റ് പീറ്റേഴ്സ്ബർഗ് സർക്കാർ, ലെൻഫിലിം സ്റ്റുഡിയോ എന്നിവർ ചേർന്ന് സംഘടിപ്പിച്ച മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ചിത്രമായിരുന്നു തിയേറ്റർ. വിഖ്യാത റഷ്യൻ സംവിധായകൻ ആൻഡ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയിൽ ഇല്യാ ഡ്യൂമിൻ, യൂറിയ ഗൽത്സേവ്, പാൻ യിൻലൈ എന്നിവരും അംഗങ്ങളായിരുന്നു.
കഴിഞ്ഞമാസം റഷ്യയിൽ നടന്ന വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടിയിരുന്നു. അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്ന് നിർമിച്ച ഈ ചിത്രം, തുടർച്ചയായ അന്താരാഷ്ട്ര അംഗീകാരങ്ങളിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്റെ പെരുമ കൂടുതൽ കരുത്തുറ്റതാക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.