
വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമായ ‘ഹൃദയപൂര്‍വ്വ’ ത്തിന്റെ ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു.
ടീസർ ജൂലൈ 19ന് വൈകിട്ട് അഞ്ച് മണിക്ക് പുറത്തിറങ്ങും. ടീസര്‍ റിലീസ് പ്രഖ്യാപനത്തോടൊപ്പം പുറത്തുവന്ന പുതിയ പോസ്റ്ററിലെ മോഹന്‍ലാലിന്റെ ഭാവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.
ഹൃദയപൂര്‍വ്വത്തിന്റെ മുന്‍ പോസ്റ്ററുകളില്‍ നിന്നും സിനിമ ഫീല്‍ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നതെന്ന് വ്യക്തമായിരുന്നു. പുതിയ പോസ്റ്റര്‍ ഈ സാധ്യതയെ കൂടുതല്‍ ഉറപ്പിക്കുന്നതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. “എന്തോന്നടേയ്” എന്ന് ചോദിക്കുന്നതുപോലെയാണ് മോഹന്‍ലാലിനെ പോസ്റ്ററിൽ കാണുന്നത് എന്നാണ് ചിലരുടെ അഭിപ്രായം.
2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒടുവിൽ ഒരുമിച്ചിരുന്നത്.
സിനിമയുടെ കഥ അഖില്‍ സത്യനാണ് ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യന്‍ അസോസിയേറ്റ് ആയി സത്യന്‍ അന്തിക്കാടിനൊപ്പം പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസ് നിര്‍വഹിക്കുന്നു. ഓണം റിലീസായി, ഓഗസ്റ്റ് 28ന് ‘ഹൃദയപൂര്‍വ്വം’ തിയേറ്ററുകളിലെത്തും.