പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ പുറത്തിറങ്ങി. ഹൈദരാബാദിൽ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഒരു ഹൊറർ-ഫാന്‍റസി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ വർഷം ഡിസംബർ 5 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസര്‍. തമൻ എസ്, ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന സംഗീതം ടീസറിന്റെ ഹൈലൈറ്റാണ്. ഒരു ഹൊറർ-ഫാന്‍റസി സെറ്റിനുള്ളിലായിരുന്നു ടീസർ ലോഞ്ച് ഇവന്‍റ് നടന്നത്. പ്രഭാസിനൊപ്പം സംവിധായകൻ മാരുതി, നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ്, സംഗീത സംവിധായകൻ തമൻ എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
”രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും”, നിർമ്മാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞു.
സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുക. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.