
മലയാളികളുടെ പ്രിയതാരവും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സ്‌കൂൾ കാലഘട്ടത്തിലെ രസകരമായൊരു ഓർമ്മ പങ്കുവെച്ച് അധ്യാപകൻ. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഒരു പൊതുപരിപാടിക്കിടെ അന്നത്തെ മന്ത്രി ബിനോയ് വിശ്വത്തെ പോലും കുഴപ്പിച്ച ബേസിലിന്റെ ചോദ്യമാണ് അധ്യാപകൻ അനുസ്മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സൈലം അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് ബേസിലിന്റെ അധ്യാപകൻ ഈ കാര്യങ്ങൾ ഓർത്തെടുത്തത്.
‘ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. ” മിനിസ്റ്ററേ… മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?” പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നു. എന്റെ ക്ലാസ്സിലെ ബെഞ്ചിലിരുന്ന ബേസിലിൽ നിന്ന് മലയാളികളുടെ മനസ്സിൽ ഇരിക്കുന്ന ബേസിലിനെയാണ് കാണുന്നത്. അതിൽ വലിയ സന്തോഷം ഉണ്ട്.’ അധ്യാപകൻ പറഞ്ഞു.
അതേസമയം, ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന അതിരടി എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. 2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക. ബേസിലിന്റെ നിർമാണ കമ്പനിയായ ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ’ ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ. മരണമസ്സാണ് ബസിലിന്റേതായി ഒടുവിലെത്തിയ ചിത്രം. ഡാർക്ക് ഹ്യൂമറിലെത്തിയ ചിത്രം വിജയമായിരുന്നു.