ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് “പാട്ടുമായി” ഒഴുകിയെത്തിയ വാനമ്പാടി……….

','

' ); } ?>

ഇന്ത്യൻ സംഗീത ലോകത്തിലെ ഏറ്റവും മാധുര്യമേറിയ ശബ്ദം അതൊരു മലയാളിയുടേതാണെന്ന് പറയുമ്പോൾ അഭിമാനം വാനോളമാണ്. സംഗീതത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര. ലാളിത്യവും നിഷ്കളങ്കതയും കൊണ്ട് മലയാളികൾ എക്കാലവും നെഞ്ചിലേറ്റുന്ന പ്രിയപെട്ട ഗായിക. തന്റെ 60 കളിലും സംഗീതത്തിന്റെ ഏതൊരു ഭാവവും നിഷ്പ്രയാസം തന്റെ ശബ്ദത്തിലേക്ക് ആവാഹിച്ചെടുക്കുന്ന പാട്ടിന്റെ രാജകുമാരിക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

1963 ജൂലൈ 27-ന് തിരുവനന്തപുരത്തെ കരമനയിൽ ഒരു പ്രമുഖ സംഗീത കുടുംബത്തിലാണ് ചിത്രയുടെ ജനനം. സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക് കുഞ്ഞിലെ തന്നെ സംഗീത അന്തരീക്ഷം വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. സഹോദരങ്ങളായ കെ.എസ്. ബീനയും കെ.എസ്. മഹേഷും സംഗീത മേഖലയിൽ തന്നെ സജീവമായി പ്രവർത്തിച്ചവരാണ്. മകളുടെ ഉള്ളിലെ അദ്ഭുതകരമായ സംഗീത വാസന ആദ്യമായി തിരിച്ചറിഞ്ഞത് അച്ഛൻ കൃഷ്ണൻ നായരായിരുന്നു. അതിനാൽ തന്നെ ചിത്രയുടെ ജീവിതത്തിലെ ആദ്യ ഗുരുവെന്ന സ്ഥാനവും അച്ഛന് തന്നെയാണ്. അച്ഛനോടുള്ള ആ വലിയ ബഹുമാനവും വാത്സല്യവും എല്ലാ വേദികളിലും ചിത്ര ഇന്നും ഓർത്തെടുക്കാറുണ്ട്. തുടർന്ന് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതത്തിൽ ശാസ്ത്രീയമായ ഉപരിപഠനം നടത്തി. ഈ കാലയളവിൽ 1978 മുതൽ 1984 വരെ കേന്ദ്ര സർക്കാരിന്റെ നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് ചിത്രയെ തേടിയെത്തിയത് അവരുടെ സംഗീത ജീവിതത്തിൽ പുതിയ ദിശാബോധം നൽകുകയും വലിയൊരു വഴിത്തിരിവായി മാറുകയും ചെയ്തു.

ഡോ. കെ. ഓമനക്കുട്ടിയുടെ സഹോദരനും പ്രശസ്ത സംഗീത സംവിധായകനുമായ എം. ജി. രാധാകൃഷ്ണനിലൂടെയാണ് ചിത്ര സിനിമ പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. 1979-ൽ “അട്ടഹാസം” എന്ന ചിത്രത്തിന് വേണ്ടി “ചെല്ലം ചെല്ലം” എന്ന ഗാനം ആദ്യമായി റെക്കോർഡ് ചെയ്തെങ്കിലും ചിത്രയുടെ ശബ്ദത്തിൽ ആദ്യം തിയേറ്ററുകളിൽ റിലീസായ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത “നവംബറിന്റെ നഷ്ടം” ആയിരുന്നു. അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ ചിത്രയുടെ ശബ്ദത്തിന്റെ ഭാവവും പക്വതയും കേൾവിക്കാർ തിരിച്ചറിഞ്ഞു തുടങ്ങി. തുടർന്ന് തമിഴിൽ മാസ്ട്രോ ഇളയരാജയുടെ സംഗീത സംവിധാനത്തിൽ “നീ താനേ അന്തക്കുയിൽ” എന്ന ചിത്രത്തിൽ പാടിയതോടെ ചിത്രയുടെ സംഗീത പ്രയാണം ദക്ഷിണേന്ത്യയിലാകെ വിപുലമായി. പാട്ടിന്റെ അതിരുകൾ മാഞ്ഞുപോയ ആ പ്രയാണത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തുളു തുടങ്ങി വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിലധികം ചലച്ചിത്ര ഗാനങ്ങളാണ് ചിത്ര ആലപിച്ചത്. ഇതിന് പുറമെ ആൽബങ്ങളിലും റേഡിയോയിലുമായി ഏഴായിരത്തിലധികം പാട്ടുകളും ആ ശബ്ദത്തിൽ പിറവിയെടുത്തു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ വനിത എന്ന അപൂർവ്വ റെക്കോർഡ് ചിത്രയുടെ പേരിലാണ് ഉള്ളത്. ആറ് തവണയാണ് ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 1986-ൽ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിലൂടെയാണ് ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നത്. തുടർന്ന് 1987-ൽ നഖക്ഷതങ്ങളിലെ “മഞ്ഞൾ പ്രസാദവും നെറ്റിയിൽ”, 1989-ൽ വൈശാലിയിലെ “ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി”, 1996-ൽ മിൻസാരക്കനവ് എന്ന ചിത്രത്തിലെ “മാനാ മദുരൈ”, 1997-ൽ വിരാസതിലെ “പായലെ ചൻമൻ”, 2004-ൽ ഓട്ടോഗ്രാഫിലെ “വ്വരു പൂക്കളും” എന്നീ ഗാനങ്ങളിലൂടെ അഞ്ച് തവണ കൂടി ദേശീയ പുരസ്കാരം ചിത്ര സ്വന്തമാക്കി. ഇത് കൂടാതെ 16 തവണ കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും, 11 തവണ ആന്ധ്ര സർക്കാരിന്റെ പുരസ്കാരവും, 4 തവണ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും, 3 തവണ കർണാടക സർക്കാരിന്റെ പുരസ്കാരവും, ഒറീസ, ബംഗാൾ സർക്കാരുകളുടെ സംസ്ഥാന അവാർഡുകളും ചിത്ര നേടിയിട്ടുണ്ട്. ഈ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2005-ൽ പത്മശ്രീയും 2021-ൽ പത്മഭൂഷണും നൽകി ആദരിക്കുകയുണ്ടായി.

ചിത്രയുടെ സംഗീത ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നാണ് ഇന്ത്യയിലെ പ്രഗത്ഭരായ മറ്റ് ഗായകരുമൊത്തുള്ള യുഗ്മഗാനങ്ങൾ. പ്രത്യേകിച്ച് കെ. ജെ. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പം ചിത്ര പാടിയ പാട്ടുകൾ ഇന്നും സംഗീതപ്രേമികൾക്ക് അത്ഭുതമാണ്. ചിത്രയുടെ പതിനായിരക്കണക്കിന് ഗാനങ്ങളിൽ വലിയൊരു പങ്കും യേശുദാസിനൊപ്പമുള്ള യുഗ്മഗാനങ്ങളായിരുന്നു. 1980-90 കാലഘട്ടത്തിൽ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഡ്യുവറ്റുകൾക്ക് അന്നത്തെയും ഇന്നത്തെയും ആസ്വാദകർക്കിടയിൽ വൻ ജനപ്രീതിയാണുള്ളത്. ഈ കൂട്ടുകെട്ടിന്റെ മാസ്മരികത കാരണമായി ചില സംഗീത സംവിധായകർ ഇവർ ഇല്ലാതെ സിനിമകൾ ചെയ്യാൻ തയ്യാറായിരുന്നില്ല. 2019-ൽ യേശുദാസ്, എസ്. പി. ബി, ചിത്ര എന്നിവർ ഒന്നിച്ചൊരു സംഗീത പരിപാടി അവതരിപ്പിച്ചത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സംഭവമായി ഇന്നും കണക്കാക്കപ്പെടുന്നു.

ജീവിതത്തിൽ വിജയങ്ങൾ ഒരുപാട് നേടിയെങ്കിലും ചിത്രയെ പിടിച്ചുലച്ച വലിയൊരു ദുരന്തവുമുണ്ടായി. വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകൾ നന്ദനയുടെ വേർപാടായിരുന്നു അത്. 2011 ഏപ്രിൽ 14-ന് ദുബായിലെ ഒരു നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരണപ്പെടുന്നത്. ഈ വലിയ നിരാശയും മാനസിക ആഘാതവും ചിത്രയെ തളർത്തിയെങ്കിലും, സംഗീതത്തിന്റെ തണലാണ് ആ കഠിനകാലത്തെ അതിജീവിക്കാൻ സഹായിച്ചത്. ഉള്ളിൽ മായാത്ത നൊമ്പരം പേറുമ്പോഴും തനിക്ക് ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സംഗീത പ്രേമികൾക്ക് പുഞ്ചിരിയോടെ പാട്ടുകൾ സമ്മാനിക്കാൻ ചിത്രയ്ക്ക് സാധിച്ചു.

ഓരോ നാട്ടിലും ഓരോ ഭാഷയിലും ജനങ്ങൾ ചിത്രയെ സ്നേഹത്തോടെ വിളിച്ച പേരുകളിൽ അവരുടെ സംഗീതസഞ്ചാരത്തിന്റെ ആഴം കാണാം. “ഫീമൈൽ യേശുദാസ്”, “ഗന്ധർവ ഗായിക”, “സംഗീത സരസ്വതി”, “കന്നഡ കോകില” എന്നീ പേരുകളെല്ലാം അവരുടെ വൈവിധ്യമാർന്ന കഴിവുകൾക്കുള്ള അംഗീകാരങ്ങളാണ്. ശാസ്ത്രീയ സംഗീതത്തിന്റെ മിനുസവും ഭാവസമ്പന്നതയും ഒരുപോലെ നിലനിർത്താൻ ചിത്രയ്ക്ക് കഴിയുന്നുണ്ട്. സാങ്കേതികവിദ്യയും സംഗീത ട്രെൻഡുകളും മാറിമറിയുന്ന ഇന്നത്തെ കാലത്തും ചിത്രയുടെ പഴയ ഗാനങ്ങൾ പുതിയ തലമുറയുടെ പ്ലേലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നു. ഒരു വാക്കിൽ ഒതുക്കാനാവാത്ത ആ സംഗീതയാത്ര വരുംതലമുറയിലെ ഏത് യുവഗായികയ്ക്കും മികച്ചൊരു മാതൃകയും പ്രചോദനവുമാണ്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പാട്ടുമായി ഒഴുകിയെത്തുന്ന ആ വാനമ്പാടിക്ക്, എന്നും ഓർമ്മകളിൽ മനോഹരമായി തിളങ്ങി നിൽക്കുന്ന ആ മഹാനായ കലാകാരിക്ക് ഒരിക്കൽ കൂടി സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.