
കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ച് ഹൊംബാലെ ഫിലിംസ്. ചിത്രത്തിന്റെ മേയ്‍ക്കിംഗ് വീഡിയോയും നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഋഷഭ് ഷെട്ടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ പുറത്തു വിട്ടിരുന്നത്.
വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചിത്രത്തിനെകുറിച്ചുള്ള ചൂടൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം 1000 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങളും.
കാന്താര ചാപ്റ്റര്‍ ഒന്ന് എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. സിനിമ ഒക്ടോബർ 2ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി വൻ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ബജറ്റ്.