“അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരും”; സജി ചെറിയാൻ

','

' ); } ?>

അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരുമെന്ന് തുറന്നു പറഞ്ഞ് മന്ത്രി സജി ചെറിയാൻ. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പുതിയ ടീമിന് വിജയാശംസകള്‍ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാംയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം നാലു സ്ഥാനത്തേക്കും വനിതകളാണ് വിജയിച്ചത്.

“അമ്മയുടെ ഭാരവാഹികളായി വനിതകള്‍ വരണമെന്ന് നേരത്തെ പറഞ്ഞതാണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോന്‍. അവര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും. ശ്വേതക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി. എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരും. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായതില്‍ സന്തോഷം”, സജി ചെറിയാന്‍ പറഞ്ഞു.

ഇതാദ്യമായിട്ടാണ് അമ്മയുടെ പ്രെസിഡന്റായി ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രെട്ടറി ആയി എതിരില്ലാതെ തിരഞ്ഞെടുപ്പിന് മുന്നേ അൻസിബ ഹസ്സനെ തിരഞ്ഞെടുത്തിരുന്നു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഉണ്ണി ശിവപാലാണ് ട്രഷറർ.

“ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്നും, അമ്മയെ നയിക്കാൻ ഒരവസരം നൽകൂ” എന്നുമാണ് വോട്ടു രേഖപ്പെടുത്താൻ വന്നപ്പോൾ ശ്വേതാ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണമുണ്ടാക്കിയെന്ന തരത്തിൽ വരെ ശ്വേതയ്‌ക്കെതിരെ കേസ് വന്നിരുന്നു.
അമ്മയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞത് റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ കയ്യിലുണ്ടെന്നും, അത് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമെന്നും വിവാദങ്ങൾ ഉണ്ടായിരുന്നു.

ഇന്നലെ  രാവിലെ 10 മണിയോടെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന താരങ്ങളെയടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.

എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.
അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് ബാബുരാജ് പറഞ്ഞു.
എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രാർത്ഥിക്കണമെന്നും നടൻ ദേവൻ ആവശ്യപ്പെട്ടു. അമ്മയിലേക്ക് എന്തെങ്കിലും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അതിനു ഒരവസരം തരണമെന്നുമായിരുന്നു നടി ശ്വേതാ മേനോന്റെ പ്രതികരണം.

സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.