
കമൽ ഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിലെ ‘ജിങ്കുച്ചാ’യുടെ വീഡിയോ സോങ് പുറത്തു വന്നതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മണിരത്നത്തിന് നേരെ ഉയരുന്നത്. ഇന്നലെയാണ് ഗാനം പുറത്തിറക്കിയത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് നമ്പറായിട്ടാണ് ‘ജിങ്കുച്ചാ’ ഒരുക്കിയിരിക്കുന്നത്. സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽ ഹാസൻ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തിൽ അണിനിരക്കുന്നുണ്ട്.
വിഷ്വലുകൾ ഭൂരിഭാഗവും കട്ട് ചെയ്ത വേർഷനായിരുന്നു തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്. പുറത്തുവന്ന വീഡിയോ സോങ്ങിൽ ഗാനത്തിന്റെ മുഴുവൻ ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നല്ല വിഷ്വലുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മണിരത്‌നം അത് തിയേറ്ററിൽ പ്രദർശിപ്പിക്കാതെ ഇരുന്നതെന്നാണ് പ്രേക്ഷകർ എക്സിലൂടെ ചോദിക്കുന്നത്. പാട്ടിന്റെ സീനുകൾ വെട്ടിമാറ്റിയത് മോശമായി പോയെന്നും ചിത്രത്തിൽ മികച്ച് നിന്ന ഒരേ ഒരു ഫാക്ടർ ഇത് മാത്രം ആയിരുന്നു എന്നും കമന്റുകൾ ഉണ്ട്.
ബോളിവുഡ് നടി ആയിരുന്നിട്ടും അതിഗംഭീരമായിട്ടാണ് നടി സാന്യ മൽഹോത്ര തമിഴ് വരികൾക്ക് ലിപ് സിങ്ക് ചെയ്യുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇനിയും ഒരു മണിരത്‌നം സിനിമയിൽ നടിയെ കാണാൻ ആഗ്രഹമുണ്ടെന്നും പലരും കുറിക്കുന്നുണ്ട്. കമൽ ഹാസനാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ & ആദിത്യ ആർകെ എന്നിവർ ചേർന്നാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്‌നം- കമൽ ഹാസൻ വീണ്ടും ഒന്നിക്കുന്നുവെന്നത് ചിത്രത്തിന് വലിയ പ്രതീക്ഷ നൽകിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും സിനിമയിലെ തൃഷയുടെ കഥാപാത്രത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കർണാടകയിലെ ചിത്രത്തിന്റെ പ്രദർശന വിലക്കും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കമൽ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യൻ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.