
തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടരു’മിന്റെ സക്സ്സസ്സ് ട്രയ്ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. സിനിമയിലെ മാസ് രംഗങ്ങൾ കോർത്തതാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ് രംഗങ്ങളും ഇമോഷനും ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയത്.
സിനിമയിൽ ഷണ്മുഖൻ എന്ന പേരുള്ള ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രം പ്രദർശനത്തിനെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ കയ്യടി നേടിയ നടനാണ് പ്രകാശ് വർമ്മ. സിഐ ജോർജ് എന്ന കഥാപാത്രത്തെയാണ് പ്രക്ഷ വർമ്മ അവതരിപ്പിച്ചിരുന്നത്. ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.
2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘നിർവാണ’ എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടരും സിനിമയുടെ പ്രൊമോ സോങ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ് ആണ് ഗാനം. ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.