‘ഐവറി ത്രോണ്‍’ ബിഗ്‌സ്‌ക്രീനിലേയ്ക്ക്, സിനിമയാക്കുന്നത് ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍

മനു എസ്. പിള്ള രചിച്ച ‘ദ് ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാകുന്നു. ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ ആണ് നോവല്‍ സിനിമയാക്കാനൊരുങ്ങുന്നത്. പുസ്തകത്തിന്റെ സിനിമാവകാശം വന്‍ തുകയ്ക്ക് ആര്‍ക്കാ മീഡിയ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ഭായിയുടെ ജീവിതകഥയാണ് മനു എസ്. പിള്ള രചിച്ച ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവന്‍കൂര്‍. സേതു ലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് പുസ്തകത്തിലൂടെ പറയുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ തേടി വാസ്‌ക്കോഡ ഗാമ 1498 ല്‍ കേരളത്തിലെത്തുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്.

2015 ലാണ് പുസ്തകം പുറത്തിറങ്ങിയത്. യുവ സാഹിത്യ അക്കാദമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ (നോണ്‍ഫിക്ഷന്‍) അവാര്‍ഡുകളടക്കം ഈ പുസ്തകം നേടിയിട്ടുണ്ട്.