
ടൊവിനോ നായകനായെത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത കേസില്‍ പ്രതിയായ സംഘ് പരിവാര്‍ ഗുണ്ടാത്തലവന്‍ കാര രതീഷിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മലയാറ്റൂര്‍ സ്വദേശീയായ രതീഷ് മറ്റ് കേസുകളിലും പ്രതിയാണ്. കാലടിയിലെ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തതിന് സര്‍ക്കാര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിക്ക് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്.
അങ്കമാലിയിലെ ഒരു കൊലപാതക ശ്രമകേസില്‍ രതീഷിനെ 2017ല്‍ പറവൂര്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ അപ്പീലിനൊപ്പം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രതീഷിന് 2018ല്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
പുറത്തിറങ്ങിയതിന് ശേഷം വീണ്ടും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായതിനാലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. രജീഷിനെതിരെ സംസ്ഥാന വ്യാപകമായി 27 കേസുകളാണ് നിലവിലുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.