“100 ശതമാനം തൃപ്തി നൽകുന്ന സിനിമ വരാത്തത് കൊണ്ടാണ് മലയാളത്തിൽ ഇടവേള വന്നത്”; ജയറാം

','

' ); } ?>

‘100 ശതമാനം തൃപ്തി നൽകുന്ന സിനിമ വരാത്തത് കൊണ്ടാണ് മലയാളത്തിൽ ഇടവേള വന്നതെന്ന്’ തുറന്നു പറഞ്ഞ് നടൻ ജയറാം. മകൻ കാളിദാസുമൊന്നിച്ച് ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കു വെക്കുകയായിരുന്നു താരം.

“മലയാളത്തിൽ ഒരു സിനിമ ചെയ്തിട്ട് ഒരു വർഷത്തിലേറെയായി. “എബ്രഹാം ഓസ്ലറാണ്” മലയാളത്തിൽ അവസാനം ചെയ്ത സിനിമ. മനസ്സിന് 100 ശതമാനം തൃപ്തി നൽകുന്ന ഒരു സിനിമ വരാത്തത് കൊണ്ടാണ് മലയാളത്തിൽ ഇടവേള എടുത്തത്. ആ സമയത്തൊക്കെ മറ്റു ഭാഷകളിൽ ഞാൻ സജീവമായിരുന്നു. ഇപ്പോൾ തന്നെ തെലുങ്കിൽ “അലാ വൈകുണ്ഠപുരത്തിനു” ശേഷം 11 ഓളം ചിത്രങ്ങൾ ചെയ്തു. നായകനല്ലെങ്കിലും മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോഴും മലയാളത്തിൽ നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അപ്പോഴാണ് ജൂഡ് നല്ലൊരു സിനിമയുമായി എന്നെ സമീപിക്കുന്നത്. നല്ല ഒരു ചിത്രം കിട്ടുന്നത് വരെ കാത്തിരിക്കാമെന്ന് തന്നെയായിരുന്നു മകന്റെയും അഭിപ്രായം. ജൂഡ് ചിത്രത്തിന്റെ കഥപറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. അവനിപ്പോൾ തെലുങ്കിൽ മഹാ കാളി എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജയറാം പറഞ്ഞു

പിന്നെ മറ്റു ഭാഷകളിൽ അഭിനയ പ്രാധാന്യമില്ലാത്ത ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന വിമർശനങ്ങളോട് എനിക്ക് യോജിപ്പില്ല. കാരണം നമ്മുടെ അഭിനയം കണ്ട് മറ്റു ഭാഷകളിൽ നമ്മളെ വിളിക്കുന്നതും അഭിനയിപ്പിക്കുന്നതും ഒരു ക്രെഡിറ്റായിട്ടാണ് ഞാൻ കാണുന്നത്. കന്നഡയിലെ ആദ്യ ചിത്രം തന്നെ അവിടത്തെ സൂപ്പർ സ്റ്റാർ ആയിട്ടുള്ള ശിവ രാജ്‌കുമാറുമായിട്ടാണ് ചെയ്തത്. ഇപ്പോൾ കാന്താര പോലുള്ള വലിയൊരു ചിത്രത്തിൽ വലിയൊരു ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. ഇതൊക്കെ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ജയറാം കൂട്ടി ചേർത്തു

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനെന്നാണ് ജയറാമിനെ മലയാളികൾ അഭിസംബോധന ചെയ്യുന്നത്. 2022 ലെ മകൾ എന്ന ചിത്രത്തിന് ശേഷം നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് ജയറാം മലയാളത്തിലേക്ക് വരുന്നത്. മമ്മൂട്ടി നായകനായ എബ്രഹാം ഓസ്ലർ. ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകരണം നേടുകയും, ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു. ഒന്നര വർഷത്തിന് ശേഷം മകൻ കാളിദാസിനൊപ്പം ജയറാം വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥപറയുന്ന ആശകൾ ആയിരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ആണ്. ഇതിനു മുന്നേ കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്ന ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.