അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

കുഞ്ഞുദൈവം, രണ്ട് പെണ്‍കുട്ടികള്‍, കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദ ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍. പേര് പോലെ തന്നെ മഹത്തായ ഭാരതീയ അടുക്കളയെ കുറിച്ചാണ് ചിത്രം പറയുന്നത്. അമ്മിയില്‍ അരയ്ക്കല്‍, കല്ലില്‍ അലക്കല്‍ തുടങ്ങീ പുരോഗമനം തൊട്ടുതീണ്ടിയിട്ടില്ലാത്ത അടുക്കളയിലെരിയുന്ന പെണ്ണിന്റെ സങ്കടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മുന്‍പും ഇത്തരം വിഷയങ്ങള്‍ പ്രമേയമായിട്ടുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിച്ച് പറയേണ്ടുന്ന ആവശ്യകതയുള്ളതിനാല്‍ ആ സൂക്ഷ്മത പുലര്‍ത്താന്‍ ചിത്രത്തിനായിട്ടുണ്ട്.

സ്വപ്‌നങ്ങളെല്ലാം മാറ്റിവെച്ച് അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി വീടിന്റെ ഐശ്വര്യമായി വീട്ടില്‍ തന്നെ ഒതുങ്ങേണ്ടവളല്ല പെണ്ണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രം. അടുക്കള വിട്ടൊരു പ്രമേയ പരിസരവും പറയാനാവാത്തതിനാല്‍ ആവര്‍ത്തനവിരസമായ ചില കാഴ്ച്ചകള്‍ ചിത്രത്തിനെ ലാഗ് ചെയ്യിപ്പിക്കുന്ന അനുഭവമുണ്ടായി. വിഷയങ്ങള്‍ സങ്കീര്‍ണമാക്കാന്‍ അനാവശ്യ സീനുകള്‍ കൂട്ടിചേര്‍ത്തതായും ചിലയിടത്തെല്ലാം അനുഭവപ്പെട്ടു. സ്ത്രീപക്ഷ സിനിമയായി തന്നെ ചിത്രം അവസാനിപ്പിക്കാന്‍ ധൈര്യം കാണിച്ചപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തിരക്കഥ കെട്ടുറപ്പുള്ളതായത്. ഒരു സാധാരണ കുടുംബചിത്രം പോലെ എല്ലാവരും സന്തോഷത്തിലെത്തുന്ന സ്റ്റില്ലിനേക്കാള്‍ അവനവന്റെ ഉള്ളിലെ സന്തോഷം കണ്ടെത്താനുള്ള ആനന്ദത്തിന് വഴിതുറക്കുന്ന കാഴ്ച്ച മനോഹരമായി തോന്നി. അവസാന പതിനഞ്ച് മിനുട്ട് വര്‍ത്തമാന രാഷ്ട്രീയപരിസരത്തെ കൂടെ ചേര്‍ത്തുവെച്ച് മനോഹരമായ ഒഴുക്കോടെയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.

‘ നമ്മുടെ ആണ്‍കുട്ടികളെ ഒരു ഗ്ലാസ് വെള്ളം സ്വന്തമായെടുത്ത് കുടിക്കാനെങ്കിലും വീട്ടിലെ പെണ്ണുങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന’ സംഭാഷണം ഓരോ വീട്ടിലെയും അടുക്കളയിലെ വിഷയമാണെന്നത് തന്നെയാണ് പ്രധാനം. സാലു കെ തോമസിന്റെ ഛായാഗ്രഹണവും, ഫ്രാന്‍സിസ് ലൂയിസ്സിന്റെ ചിത്രസംയോജനം എന്നിവയെല്ലാം മികച്ചതായിരുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചത്. കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരായ ടി. സുരേഷ് ബാബു, അജിത, പ്രിയ, കബനി, സുധി തുടങ്ങീ നിരവധി താരങ്ങള്‍ മനോഹരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. സാമ്പ്രദായികമായ അടുക്കള അത്ര എളുപ്പമൊന്നും മാറില്ല, അല്ലെങ്കില്‍ മാറാനേ തയ്യാറാവില്ല , പക്ഷേ അതില്‍ നിന്ന് വഴിമാറി പോകേണ്ടവര്‍ക്ക് അതിനുള്ള അവസരങ്ങളും അരങ്ങുകളും ഇവിടെയുണ്ട്. ആചാര സംരക്ഷണത്തിനായി നടക്കുന്ന സദാചാര റാലികള്‍ക്ക് മുന്നിലൂടെ നട്ടെല്ല് വിരിച്ച് നടക്കുന്നവര്‍ക്ക് സ്വന്തം സ്വപ്‌നങ്ങളുടെ വിശാലമായ ലോകം തുറന്നുകിടക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്.