
പുതിയ തലമുറയുടെ സിനിമയോടുള്ള സമീപനത്തെ വിമർശിച്ച് സംഗീത സംവിധായകൻ ജെറി അമൽദേവ്. ഇന്ന് സിനിമ നിർമിക്കുന്നവരുടെ ലക്ഷ്യം പണമുണ്ടാക്കലാണെന്നും, ആരും സംസ്കാരം ഉയർത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവാഹർ ലൈബ്രറിയും കണ്ണൂർ ആകാശവാണിയും ചേർന്ന് സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവദുന്ദുഭി സാന്ദ്രലയം എന്നുതുടങ്ങുന്ന സിനിമാഗാനം അദ്ദേഹം വേദിയിൽ പാടി.
സിനിമ ആവശ്യപ്പെടുന്ന സംഗീതോപകരണങ്ങളാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ സംഗീതോപകരണത്തിന്റെ വലിയ നിരയുണ്ടായിരുന്നു. എന്നാൽ പരിമിതമായ സംഗീതോപകരണങ്ങൾ ഉപയോഗിച്ചും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.നിർമാണച്ചെലവ് അനുസരിച്ചാണ് ഇവ നിശ്ചയിക്കപ്പെടുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇത് മനസ്സിലാകുമോ എന്നറിയില്ല. ഇന്ന് സിനിമ നിർമിക്കുന്നവരുടെ ലക്ഷ്യം പണമുണ്ടാക്കലാണ്. ആരും സംസ്ക്കാരത്തെ ഉയർത്താൻ ശ്രമിക്കുന്നില്ല. ജെറി അമൽദേവ് പറഞ്ഞു.
ലൈബ്രറി വർക്കിങ് ചെയർമാൻ എം.രത്നകുമാർ അധ്യക്ഷനായി. ഡോ. ടി.ശശിധരൻ രചിച്ച ‘മുഹമ്മദ് റഫി സൗബാർ ജനം ലേങ് ഗേ’ എന്ന പുസ്തകം ജെറി അമൽദേവ് പ്രകാശനം ചെയ്തു. എം.ഉമ്മർ ഏറ്റുവാങ്ങി. ആകാശവാണി മേധാവി എം.ചന്ദ്രബാബു, എച്ച്.വിനോദ് ബാബു, എം.കെ.അരുണ, സുധീർ പയ്യനാടൻ, ശ്രീജ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഡോ. ജി.ഹരികുമാർ ഹാർമോണിക്കയിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ വായിച്ചു.