
പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികളെ കേന്ദ്ര പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ടീനേജ് റോം-കോം (റൊമാന്റിക് കോമഡി) ചിത്രത്തിന് സെപ്റ്റംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തുടക്കമായി. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ അങ്കമാലി മൂക്കന്നൂരിനടുത്ത് ആനപ്പാറയിൽ ലളിതമായ ചടങ്ങിൽ നടന്നു. പ്രശസ്ത സംവിധായകൻ ഗിരീഷ് എ.ഡി ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പ് നൽകി. ‘നരിവേട്ട’ക്ക് ശേഷം ‘ഇന്ത്യൻ സിനിമ’ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.
നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എം.സി. ജിതിൻ, സംഗീത് പി. രാജൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് രോഹിത് ചന്ദ്രശേഖരൻ സംവിധാന രംഗത്തേക്ക് കടക്കുന്നത്. തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഓഡിഷനിലൂടെയാണ് പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം പ്രമുഖരായ സീനിയർ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പേരും താരങ്ങളുടെ വിവരങ്ങളും അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.
ടീനേജിൻ്റെ കുസൃതികളും നെഗളിപ്പും, പ്രണയവും, ഇണക്കവും പിണക്കവുമൊക്കെ കോർത്തിണക്കി തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ടീനേജ് പ്രായക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തേ കുറിച്ച് ഒറ്റവാക്കിൽ പറയാം..
കിരൺ കെ എസ്സാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – ബിബിൻ അശോക്. ഛായാഗ്രഹണം ദീപക് ഡി. മേനോൻ, എഡിറ്റിംഗ് – ആകാശ് ജോസ്ഫ്. കലാസംവിധാനം – ഔസേപ്പ് ജോൺ. മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- മെൽവിൻ. സ്റ്റിൽസ് ജോസുകുട്ടി ബേബി. ക്രിയേറ്റീവ് ഡയറക്ടർ – അപ്പുമാരായി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഷാൻ സലിം. അസ്സോസ്സിയേറ്റ് ഡയറക്ടർ – കെസിയ സോഫിയ സാമുവൽ. പ്രൊഡക്ഷൻ മാനേജേഴ്സ്-അഷയ് മനോജ്, ജെനീഷ് ജോസ്.
പ്രൊഡക്ഷൻ കൺടോളർ- ആൻ്റെണി തോമസ്. ആങ്കമാലിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.