അനുമതിയില്ലാതെ പമ്പയിൽ സിനിമ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസ് അയച്ച് വനം വകുപ്പ്

','

' ); } ?>

വനം വകുപ്പിൻ്റെ അനുമതിയില്ലാതെ പമ്പയിൽ സിനിമ ചിത്രീകരണം നടത്തിയ കേസിൽ സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസ് അയച്ച് വനം വകുപ്പ്. ബുധനാഴ്ച പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട പ്ലാപ്പള്ളി സ്റ്റേഷൻ അധികൃതരാണ് കേസ് ഫയൽ ചെയ്തിരുന്നത്. കേസ് സംബന്ധിച്ച റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.

വനംവകുപ്പിന്റെ അനുമതിയില്ലാതെ കഴിഞ്ഞ മകരവിളക്കുദിവസം പമ്പ ഹിൽടോപ്പിൽ സിനിമാ ചിത്രീകരിച്ചതായാണ് കേസ്. മുൻകൂർ അനുമതി വാങ്ങി നിശ്ചിത ഫീസ് നൽകിയിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം സിനിമാ ചിത്രീകരണത്തിനായി ഒരുദിവസം 25,000 രൂപ അടയ്ക്കുകയും 25,000 രൂപ സെക്യൂരിറ്റിയായി കെട്ടിവെക്കുകയും ചെയ്‌താൽ വനമേഖലയിൽ അനുമതിയുള്ളിടത്ത് പ്രവേശിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യാം. ഇതിന് വനംവകുപ്പ് അനുമതി നൽകുകയും ചെയ്യും. എന്നാൽ ചിത്രീകരണം സംബന്ധിച്ച് മാധ്യമങ്ങളിൽവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്.

അതേസമയം, സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് നിന്ന് അനുമതി തേടി, പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകൻ്റെ വാദം. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും, പിന്നീട് എഡിജിപി എസ് ശ്രീജിത്താണ് പമ്പയിൽ ഷൂട്ട്‌ ചെയ്യാൻ പറഞ്ഞതെന്നും അനുരാജ് പ്രതികരിച്ചിരുന്നു. കൂടാതെ അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ അനുരാജ് മനോഹർ കൂട്ടിച്ചേർത്തിരുന്നു. ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജയകുമാർ അറിയിച്ചിരുന്നു. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് അനുരാജിനെതിരെയുള്ള പരാതി.